അമിതവേഗത്തിലെത്തിയ കാർ കടയിലേക്ക് ഇടിച്ചുകയറി; മൂന്ന് പേർക്ക് പരിക്ക്.

ബംഗളൂരു: ബംഗളൂരുവിലെ ബന്നാർഘട്ടയ്ക്ക് സമീപം നിയന്ത്രണം വിട്ട കാർ കടയിലേക്ക് പാഞ്ഞുകയറി മൂന്ന് പേർക്ക് പരിക്കേറ്റു. റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്കുകളിലിടിച്ച ശേഷമാണ് കാർ കടയിലേക്ക് പാഞ്ഞുകയറിയത്. തുടർന്ന് കടയ്ക്കുള്ളിലുണ്ടായിരുന്നവരുടെ മേൽ തിളച്ച പാചകയെണ്ണ മറിഞ്ഞ് വീഴുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ ബസവരാജ്, മുനികൃഷ്ണ, മഞ്ജേഷ് എന്നിവരെ ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന്റെ മുഴുവൻ ദൃശ്യങ്ങളും സിസിടിവി കാമറകളിൽ പതിഞ്ഞിരുന്നു. സംഭവത്തിൽ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

