കർക്കിടകമെത്തി; പതിവു തെറ്റാതെ ആടിവേടനും….
1 min readഇരിട്ടി: പട്ടിണിയുടെയും വറുതിയുടെയും പേമാരിയുമായി ഒരു കർക്കിടക മാസം കൂടി സമഗതമായി. ഇടമുറിയാതെ പെയ്യുന്ന കർക്കിടകത്തിൽ ആചാരത്തിൻ്റെ പേരും പെരുമയും ചോരാതെ പതിവു തെറ്റിക്കാതെ ഇക്കുറിയും ആടിവേടനെത്തി. രാപ്പകൽ വ്യത്യസമില്ലാതെ തിമിർത്തു പെയ്യുന്ന മഴയിൽ കാർഷിക വിളകളുടെ ഭാവിയെക്കുറിച്ചും വിശന്നു കരയുന്ന കുഞ്ഞുങ്ങളുടെ കണ്ണീരിൻ്റെയും നടുവിൽ കേരളത്തിലെ കർഷകരുടെ നെഞ്ചിനുള്ളിലെ പടപ്പും ഉള്ളുരുകുന്ന ആധിയും വ്യാധിയുമകറ്റാനാണ് കർക്കിടക മാസത്തിലെ ആദ്യ നാളുകളിൽ ആടിവേടനിറങ്ങുന്നത്. ആചാരത്തിൻ്റെയും പാരമ്പര്യത്തിൻ്റെയും തനിമ നിലനിർത്തിയാണ് ഉത്തര മലബാറിലെ ഗ്രാമീണ കർഷകരുടെ ജീവിതവുമായി ബന്ധപ്പെട്ട ആചാരമെന്ന നിലയിൽ ആടിവേടൻ കെട്ടിയാടി വരുന്നത്.
മുൻപ് ആടിവേടൻ്റെ വരവ് കർക്കിടക മാസാരംഭത്തിലെ പ്രധാനചടങ്ങുകളിലൊന്നായിരുന്നു.എന്നാൽ കാലത്തിൻ്റെയും തലമുറകളുടെയും മാറ്റത്തിനൊപ്പം നാഗരികതയുടെ വളർച്ചയും കാർഷിക മേഖലയുടെ തകർച്ചയും മൂലം ആടിവേടൻ കെട്ടിടാട്ടൽ ചില ഗ്രാമങ്ങളിൽ മാത്രമായി ചുരുങ്ങി യിരിക്കുകയാണ്. വടക്കൻ കേരളത്തിലെ തെയ്യക്കോലങ്ങൾക്കൊപ്പം ചേർത്തു വെയ്ക്കാവുന്ന കലാരൂപം കൂടിയാണ് ആടിവേടൻ. കർക്കിടമാസാരംഭത്തിലെ സംക്രമ ദിവസങ്ങളിലും കർക്കിടക മാസത്തിലെ ആദ്യ ദിനങ്ങളിലു മായാണ് ആടിവേടൻ്റെ വരവ്.
മുഖത്തും ദേഹത്തും ചായം പൂശി തിളക്കുന്ന കിരീടവും വർണ്ണ പ്പൊലിമയാർന്ന അടയാഭരണങ്ങളും ധരിച്ച് ആചാര സമുദായത്തിലെ മുതിർന്ന കാരണ വർക്കൊപ്പം വാദ്യത്തിൻ്റെയും തോറ്റത്തിൻ്റെയും അകമ്പടിയോടെയാണ് ആദിവേടൻ വീടുകളി ലെത്തുന്നത് .ഗ്രാമീണ വീടുകളിലെത്തുന്ന ആടിവേടനെ സ്വീകരി ക്കാൻ കത്തിച്ചു വെച്ച നിലവിളക്കും നിറനാ ഴിയുമായി വീടുകളിലെ മുതിർന്ന സ്ത്രികളും ഉമ്മറത്തുണ്ടാവും. വീടുകളിലെത്തുന്ന വേടൻനിലവിളക്കിനെയും നിറനാഴിയേയും വണങ്ങി ചെണ്ടകൊട്ടി തോറ്റം പാടും. പാട്ടു കഴിഞ്ഞാലുടൻ വീട്ടുകാർ ഓരോ പാത്രങ്ങളിലായി പ്രത്യേകം തയ്യാറാക്കി വെച്ച ഗുരുസി വീടിൻ്റെ തെക്കുഭാഗത്തും വടക്കുഭാഗത്തുമായി കമിഴ്ത്തും.
ഇങ്ങനെ ആചാരമ നുഷ്ഠിച്ചാൽ കർഷ കർക്കും ഗ്രാമീണർക്കും കാർഷികഅഭിവൃദ്ധിയും സന്താന സൗഭാഗ്യവും കുടുംബ ഐശ്വര്യവും സമ്പൽ സമൃദ്ധിയുമുണ്ടാകുമെന്നാണ് വിശ്വാസം. ചടങ്ങുകൾ അവസാനിച്ചു കഴിഞ്ഞാൽ കൃഷിക്കും നാടിനും വീട്ടുകാർക്കും ഐശ്വര്യവുംഅനുഗ്രഹവും ചൊരിഞ്ഞ് ദക്ഷിണയും വാങ്ങി ആടിവേടൻ അടുത്ത വീടു ലക്ഷ്യമാക്കി നീങ്ങുകയായി.
പുന്നാട് താവില ക്കുറ്റിയിലെ കണ്ണൻ പണിക്കരുടെ മകൻ രഞ്ചിത്തിൻ്റെ നേതൃത്വത്തിലാണ് ഇക്കുറിയും പതിവു തെറ്റാതെ മലയോര ഗ്രാമങ്ങളിൽ ആടിവേടൻ കെട്ടിയാടിയെത്തിയത്. മുഖത്തെഴുതി ചമയങ്ങളിട്ട് കാൽച്ചിലമ്പണിഞ്ഞ ആടിവേടനെ ഒരുക്കിയിറക്കാൻ വാർധക്യം മറന്ന് അച്ഛൻ കണ്ണൻ പണിക്കരും ചെണ്ടകൊണ്ടി തോറ്റംപാടി ആടിവേടനൊപ്പം വീടുകൾ സന്ദർശിക്കാൻ സഹോദരൻ സതീശനും സഹായത്തിനായി ഒപ്പമുണ്ടായിരുന്നു. ഇരിട്ടിക്കടുത്ത്കീഴൂർകുന്ന്തെരുവിലെ വീടുകളിലാണ് പഴമയുടെയും പാരമ്പര്യത്തിൻ്റെയും തനിമ ചോരാതെ ആടിവേടൻ പതിവു തെറ്റാതെ തോറ്റംപാടിയെത്തിയത്.