August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 14, 2026

സർക്കാരിന് തിരിച്ചടി; ബോഡി ബിൽഡിംഗ് താരങ്ങൾക്ക് ചട്ടം മറികടന്ന് നിയമനം നൽകാനുളള തീരുമാനത്തിന് സ്റ്റേ

SHARE

ബോഡി ബിൽഡിംഗ് താരങ്ങൾക്ക് ചട്ടം മറികടന്ന് നിയമനം നൽകാനുളള സർക്കാർ തീരുമാനത്തിന് സ്റ്റേ. ഷിനു ചൊവ്വ, ചിത്തരേഷ് നടേശൻ എന്നിവരുടെ നിയമന നീക്കത്തിനാണ് സ്റ്റേ. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റേതാണ് ഉത്തരവ്. ആംഡ് പൊലീസ് ബറ്റാലിയൻ ഇൻസ്പെക്ടർ ബിജുമോൻ പി ജെ നൽകിയ ഹർജി പരി​ഗണിച്ചുകൊണ്ട് ട്രിബ്യൂണൽ ഡിവിഷൻ ബെഞ്ചാണ് സ്റ്റേ ചെയ്തത്.ഷിനു ചൊവ്വക്കും ചിത്തരേഷ് നടേശനും ജോലി നൽകാൻ തീരുമാനിച്ചത് വലിയ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. ബോഡി ബിൽഡിം​ഗ് താരങ്ങൾക്കായി കഴിഞ്ഞ ദിവസം നടത്തിയ കായിക ക്ഷമതാ പരീക്ഷയിൽ ഷിനു ചൊവ്വ പരാജയപ്പെട്ടിരുന്നു. മറ്റൊരു താരമായ ചിത്തരേഷ് നടേശൻ പരീക്ഷയിൽ പങ്കെടുക്കുകയും ചെയ്തിരുന്നില്ല. പേരൂര്‍ക്കട എസ്എപി ഗ്രൗണ്ടില്‍ നടന്ന പരീക്ഷയില്‍ 100 മീറ്റര്‍ ഓട്ടം, ലോങ് ജംപ്, ഹൈജംപ്, 1500 മീറ്റര്‍ ഓട്ടം എന്നീ ഇനങ്ങളില്‍ ഷിനുവിനു യോഗ്യത നേടാന്‍ കഴിഞ്ഞിരുന്നില്ല.എന്നാൽ ഉദ്യോഗസ്ഥർ മനപൂർവ്വം തന്നെ പരാജയപ്പെടുത്തിയതാണെന്ന് ഷിനു ചൊവ്വ ആരോപിച്ചിരുന്നു. കായികക്ഷമത പരീക്ഷ സുതാര്യമായിരുന്നില്ല. വൈരാഗ്യ ബുദ്ധിയോടെയാണ് ഉദ്യോഗസ്ഥർ പെരുമാറിയതെന്നും ഷിനു ചൊവ്വ പറഞ്ഞിരുന്നു.

ബോഡി ബിൽഡിം​ഗ് താരങ്ങൾക്ക് നിയമനം നൽകാനുളള തീരുമാനത്തിന് പിന്നാലെ എം ആർ അജിത് കുമാറിനെ പൊലീസിന്റെ സെൻട്രൽ സ്പോർട്സ് ഓഫീസർ ചുമതലയിൽ നിന്ന് മാറ്റി‌യിരുന്നു. പകരം എസ് ശ്രീജിത്തിന് ചുമതല നൽകി. സെൻട്രൽ സ്പോർട്സ് ഓഫീസറാണ് സ്പോർട്സ് ക്വാട്ടയിലെ നിയമനങ്ങളുടെ ഫയൽ നീക്കം നടത്തേണ്ടത്.നേരത്തെ രണ്ട് ബോഡി ബിൽഡർ താരങ്ങളെ പൊലീസ് ഇൻസ്പെക്ടർ റാങ്കിൽ നിയമിക്കാൻ തീരുമാനമുണ്ടായിരുന്നു. ഇതിൽ ആഭ്യന്തര വകുപ്പ് ഡിജിപിക്ക് കത്ത് അയക്കുകയും ചെയ്തു. കത്തിൽ മാനദണ്ഡങ്ങളിൽ ഇളവു വരുത്തികൊണ്ട് നിയമനം നടത്തണമെന്ന നിർദേശം നൽകുകയും ചെയ്തിരുന്നു. എന്നാൽ സർക്കാർ തീരുമാനിച്ച പല കായിക താരങ്ങളെയും ഒഴിവാക്കികൊണ്ടാണ് ബോഡി ബിൽഡിങ് താരങ്ങളെ നിയമിക്കുന്നത് എന്ന രീതിയിലുളള വാർത്തകൾ വന്നത് വലിയ വിവാദമായി. ഇതിന് പിന്നാലെ എം ആർ അജിത് കുമാറിനെ മാറ്റുകയായിരുന്നു.