ഗ്രേറ്റ്‌ ബോംബെ സർക്കസ്‌ 3 മുതൽ ഇരിട്ടിയിൽ; സണ്ണിജോസഫ്‌ എംഎൽഎ ഉദ്‌ഘാടനം ചെയ്യും

1 min read
SHARE

ഇരിട്ടി: ഗ്രേറ്റ്‌ ബോംബെ സർക്കസ്‌ പുന്നാട്‌ കുന്നിൻകീഴിൽ മൈതാനിയിൽ 3 ന് വെള്ളിയാഴ്ച വൈകിട്ട്‌ 7ന്‌ സണ്ണിജോസഫ്‌ എംഎൽഎ ഉദ്‌ഘാടനം ചെയ്യുമെന്ന്‌ അധികൃതർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എത്യോപ്യ, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നുള്ള വിഖ്യാത താരങ്ങൾക്കൊപ്പം ഇന്ത്യയിലെ അറിയപ്പെടുന്ന സർക്കസ്‌ കലാകാരന്മാരും അണിനിരക്കുന്ന ഗ്രേറ്റ്‌ ബോംബെ സർക്കസ്‌ ഇതാദ്യമായാണ്‌ ഇരിട്ടിയിൽ എത്തുന്നത്‌. ഒരു മാസം നീളുന്ന സർക്കസ്‌ മേളയിൽ ദിവസേന മൂന്ന്‌ പ്രദർശനങ്ങളുണ്ടാവും.

 

 ഉച്ചക്ക് ഒന്നിനും, വൈകിട്ട്‌ മൂന്നിനും, രാത്രി ഏഴ് മണിക്കുമാണ്‌ പ്രദർശനങ്ങൾ. എഴുപതോളം താരങ്ങൾ അണിനിരക്കും. കുറിയ മനുഷ്യർ ഒരുക്കുന്ന ഹാസ്യവിരുന്നും വിദേശി ഇനം പക്ഷികളുടെ സാഹസിക ഇനങ്ങളും വിവിധയിനം അക്രോബാറ്റിക്ക്‌ പ്രദർശനങ്ങൾ, അക്രോബാറ്റിക്ക്‌ നൃത്തങ്ങൾ, ട്രപ്പീസ്‌ ഇനങ്ങൾ എന്നിവയും റഷ്യൻ സർക്കസിലെ നൂതന ഇനങ്ങളുമുണ്ടാവും. റോളർ അക്രോബാറ്റും പിരമിഡ്‌ അക്രോബാറ്റും ബോംബെ സർക്കസിന്റെ സവിശേഷ ഇനങ്ങളാണ്. നേപ്പാൾ, അസം വനിതാ താരങ്ങളുടെ ‘ഉല്ലാഹൂപ്‌’ പ്രദർശനം ശ്രദ്ധേയമായിരിക്കും.

ഉദ്‌ഘാടന ചടങ്ങിൽ നഗരസഭാ ചെയർമാൻ കെ. ശ്രീലത, ഡിവൈഎസ്‌പി സജേഷ്‌ വാഴാളപ്പിൽ എന്നിവർ മുഖ്യാതിഥികളാവും. ശ്രീഹരിനായർ, സി. രാജൻ, സൂരജ്‌, പ്രകാശ്‌, സർക്കസ്‌ കലാകാരികളായ സബീന, നന്ദിത എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.