ധോണി കളിക്കുന്നതുപോലെ കളിക്കുന്നതിൽ എനിക്ക് പ്രശ്നമൊന്നുമില്ല’; താൻ ഇപ്പോൾ ചെയ്യുന്നത് ഫിനിഷർ റോളെന്ന് ഹാർദിക്
1 min readഇന്ത്യൻ ടീമിൽ താൻ ഇപ്പോൾ ചെയ്യുന്നത് ഫിനിഷർ റോളെന്ന് ടി-20 സ്റ്റാൻഡ് ഇൻ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ. ധോണി കളി നിർത്തിയതോടെ ആ റോളാണ് താൻ ഇപ്പോൾ ചെയ്യുന്നത്. വേണമെങ്കിൽ എപ്പോൾ വേണമെങ്കിലും സിക്സടിക്കാൻ തനിക്ക് കഴിയും. പക്ഷേ, കളി അവസാനം വരെ എത്തിക്കാനാണ് താനിപ്പോൾ ശ്രമിക്കുന്നതെന്നും ഹാർദിക് ന്യൂസീലൻഡിനെതിരായ ടി-20 പരമ്പര വിജയിച്ചതിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.“സത്യത്തിൽ, സിക്സടിക്കാൻ എനിക്ക് എപ്പോഴും ഇഷ്ടമാണ്. പക്ഷേ, ജീവിതത്തിൽ പരിണാമം സംഭവിക്കേണ്ടതുണ്ട്. ഞാൻ കൂട്ടുകെട്ടുകളിൽ വിശ്വസിക്കുന്നു. ടീമിനും മറുവശത്തുള്ള ടീമംഗത്തിനും ശാന്തതയും ഉറപ്പും നൽകാനാണ് എൻ്റെ ശ്രമം. ടീമിലെ മറ്റുള്ളവരെക്കാൾ മത്സരങ്ങൾ ഞാൻ കളിച്ചിട്ടുണ്ട്. എനിക്ക് കളിപരിചയമുണ്ട്. സമ്മർദ്ദം എങ്ങനെ കൈകാര്യം ചെയ്യണമെന്നും എനിക്കറിയാം. അതിനു ചിലപ്പോൾ സ്ട്രൈക്ക് റേറ്റ് കുറയ്ക്കേണ്ടിവരും. ധോണി കളിച്ചുകൊണ്ടിരുന്ന റോൾ കളിക്കാൻ എനിക്ക് പ്രശ്നമൊന്നുമില്ല. യുവാവായിരുന്നപ്പോൾ ഞാൻ നാലുപാടും സിക്സടിക്കുമായിരുന്നു. ഇപ്പോൾ ധോണി വിരമിച്ചതിനാൽ, ആ ചുമതല സ്വാഭാവികമായും എന്നിലായി. അത് ചെയ്യാൻ എനിക്ക് മടിയില്ല. റിസൽട്ട് ലഭിച്ചാൽ മതി.”- ഹാർദിക് പറഞ്ഞു.