തലശ്ശേരിയിൽ നിക്ഷേപകരുടെ പണം നൽകാതെ ചിട്ടിക്കമ്പനി പൂട്ടിയതായി പരാതി
1 min read

തലശ്ശേരി: തലശ്ശേരിയിൽ നിക്ഷേപകരുടെ പണം നൽകാതെ ചിട്ടിക്കമ്പനി പൂട്ടിയതായി പരാതി. തലശ്ശേരി ടി.സി. മുക്കിനു സമീപം റെയിൽവേ സ്റ്റേഷൻ റോഡിലെ എ.ആർ. കോംപ്ലക്‌സിൽ പ്രവർത്തിച്ചിരുന്ന ധനകോടി ചിട്ടിക്കമ്പനിക്കെതിരേയാണ് പരാതി. പത്ത് നിക്ഷേപകരുടെ പരാതിയിൽ തലശ്ശേരി പോലീസ് കേസെടുത്തു. 75,000 രൂപ മുതൽ എട്ടുലക്ഷം രൂപവരെ നൽകാതെ തട്ടിപ്പ് നടത്തിയതായാണ് പരാതി. തുടക്കത്തിൽ കൃത്യമായി പണം തിരിച്ചുനൽകി വിശ്വാസ്യത നേടി. പിന്നീട് വഞ്ചിച്ചെന്ന് ആരോപണമുണ്ട്. മാനേജർ ഉൾപ്പെടെ അഞ്ചുപേരാണ് ഓഫീസിലുണ്ടായിരുന്നത്. സുൽത്താൻ ബത്തേരിയാണ് ചിട്ടിക്കമ്പനിയുടെ ആസ്ഥാനം. ധനകോടിക്ക് കൂത്തുപറമ്പിലും ശാഖയുണ്ട്. ഇവിടെയും ചിട്ടിക്ക് ചേർന്നവർക്ക് പണം ലഭിച്ചില്ലെന്ന് പരാതിയുണ്ട്. കിഴക്കേ പാലയാട്ടെ കെ. ദിവ്യയുടെ പരാതിയിൽ ചിട്ടിക്കമ്പനി എം.ഡി. ഉൾപ്പെടെ ഒൻപത് പേർക്കെതിരേ തലശ്ശേരി പോലീസ് കേസെടുത്തു. വീട് നിർമിക്കാൻ സ്വരൂപിച്ച തുകയിൽ നാലുലക്ഷം രൂപ നഷ്ടമായെന്നാണ് ദിവ്യയുടെ പരാതി. യോഹന്നാൻ മറ്റത്തിൽ, സജി സെബാസ്റ്റ്യൻ, ജോർജ് മുതിരക്കാലിൽ, സാലി യോഹന്നാൻ മറ്റത്തിൽ, സോണി ജേക്കബ്, ജിൻസി, അശ്വതി നിധിൻ എന്നിവർക്കെതിരേയാണ് കേസ്.
