June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 22, 2026

കണ്ണൂർ ജില്ലയിലെ മലയോര മേഖലകളിൽ പാവൽ കൃഷി ചെയ്ത് ഉപജീവനം നടത്തുന്ന കർഷകർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ.

SHARE

പാവയ്ക്ക വില കുത്തനെ ഇടിഞ്ഞതാണ് കർഷകരെ പ്രതിസന്ധിയിലേക്ക് തള്ളിയിട്ടത്. കഴിഞ്ഞ വർഷം കിലോയ്ക്ക് 55 രൂപ വരെ കർഷകർക്ക് ലഭിച്ചിരുന്ന പാവയ്ക്കയ്ക്ക് ഈ വർഷം 35 മുതൽ 40 രൂപ വരെ മാത്രമാണ് ലഭിക്കുന്നത്.
വില ഇടിഞ്ഞതോടൊപ്പം വിപണിയിൽ ആവശ്യക്കാർ കുറഞ്ഞതും കർഷകരെ കൂടുതൽ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. പാടത്ത് വിളവെടുപ്പ് തയ്യാറായ പാവയ്ക്ക വിൽക്കാൻ കഴിയാതെ കിടക്കുകയാണ്.

വാങ്ങാൻ ആളില്ലാതെ വന്നതോടെ ചില പ്രദേശങ്ങളിൽ പാവയ്ക്ക മുറിച്ചുണക്കി നശിപ്പിക്കേണ്ട അവസ്ഥയും ഉണ്ടായി.
വർഷങ്ങളായി സ്ഥലം പാട്ടത്തിനെടുത്ത് പച്ചക്കറി കൃഷി ചെയ്യുന്ന രാജഗിരി സ്വദേശിയായ കർഷകൻ കുറ്റ്യാത്ത് പീറ്റർ ജോസഫ് പറഞ്ഞു കൃഷിക്കായി വൻതുക ചെലവഴിച്ചിട്ടും വിളവിന് ന്യായമായ വില ലഭിക്കുന്നില്ല. വിപണിയിൽ പാവയ്ക്കയ്ക്ക് ആവശ്യക്കാർ ഇല്ലാതായതോടെ നശിപ്പിക്കേണ്ട അവസ്ഥയാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള പാവയ്ക്ക മലയോര മേഖലകളിലേക്ക് വൻതോതിൽ എത്തുന്നതാണ് വിലയിടിവിന് പ്രധാന കാരണമെന്നാണ് കർഷകരുടെ ആരോപണം.

കുറഞ്ഞ വിലയ്ക്ക് പുറത്തുനിന്നുള്ള പാവയ്ക്ക എത്തുമ്പോൾ പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന പാവയ്ക്കയ്ക്ക് ആവശ്യക്കാർ കുറയുകയും വില താഴെയിറങ്ങുകയും ചെയ്യുന്നു.
കൃഷിച്ചെലവ് വർധിച്ച സാഹചര്യത്തിൽ ഇത്തരമൊരു വിലയിടിവ് തുടർന്നാൽ പാവൽ കൃഷി തന്നെ ഉപേക്ഷിക്കേണ്ടിവരുമെന്ന ആശങ്കയിലാണ് കർഷകർ. സർക്കാർ ഇടപെടലും ന്യായമായ വില ഉറപ്പാക്കുന്ന സംവിധാനങ്ങളും അടിയന്തിരമായി നടപ്പാക്കണമെന്ന ആവശ്യം കർഷകർ ശക്തമായി ഉന്നയിക്കുന്നു.