ഓവുചാലിന് മുകളിലെ ഇരുമ്പ് ഗ്രില്ലിൽ തട്ടി വീഴുന്നത് പതിവാകുന്നു; അപകടഭീഷണി ഒഴിയാതെ യാത്രക്കാർ.

ഉളിക്കൽ: സർക്കാർ ഹോമിയോ ആശുപത്രി, മത്സ്യ മാർക്കറ്റ് തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് പോകുന്നവർക്ക് ഓവുചാലിന് മുകളിൽ സ്ഥാപിച്ച ഇരുമ്പ് ഗ്രിൽ അപകടക്കെണിയാകുന്നു.
വാഹനങ്ങൾ ഉൾപ്പെടെ കയറിയിറങ്ങുന്ന ഓവുചാലിന് മുകളിലെ ഇരുമ്പ് ഗ്രില്ലിന്റെ ഭാഗങ്ങൾ പലതും വളഞ്ഞും ഉയർന്നും താഴ്ന്നുമാണ് കിടക്കുന്നത്. ഇതുമൂലം കാൽനടയാത്രക്കാർ ഗ്രില്ലിലൂടെ നടക്കുമ്പോൾ ഉയർന്നുനിൽക്കുന്ന ഭാഗങ്ങളിൽ തട്ടി വീഴുന്നത് പതിവായിരിക്കുകയാണ്.
ദിവസേന നിരവധി ആളുകൾ കടന്നുപോകുന്ന ഈ ഭാഗത്തെ അപകടാവസ്ഥ യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. രാത്രികാലങ്ങളിലും ശ്രദ്ധിക്കാതെ നടന്നുപോകുന്നവർ അപകടത്തിൽപ്പെടാനുള്ള സാധ്യതയുണ്ട്.
അപകടങ്ങൾ ആവർത്തിക്കുന്ന സാഹചര്യം കണക്കിലെടുത്ത് പഞ്ചായത്ത് അധികൃതർ അടിയന്തരമായി ഇടപെട്ട് ഇരുമ്പ് ഗ്രിൽ ബലപ്പെടുത്തി സുരക്ഷിതമാക്കണമെന്ന ആവശ്യം ശക്തമാകുന്നു.

