ഇഞ്ചുറി ടൈമിൽ ക്രിസ്റ്റ്യാനോയുടെ കന്നി ഗോൾ; പരാജയത്തിൽ നിന്ന് രക്ഷപ്പെട്ട് അൽ നസ്ർ
1 min readഅൽ നസ്റിൽ തൻ്റെ ആദ്യ ഗോളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇന്നലെ നടന്ന സൗദി പ്രോ ലീഗ് മത്സരത്തിൽ അൽ ഫതഹിനെതിരെയായിരുന്നു താരത്തിൻ്റെ കന്നി ഗോൾ. മത്സരത്തിൻ്റെ ഇഞ്ചുറി ടൈമിൽ പെനാൽറ്റിയിലൂടെ ഗോൾ നേടിയ താരം അൽ നസ്റിന് 2-2 എന്ന സ്കോറിൻ്റെ സമനില സമ്മാനിച്ചു.12ആം മിനിട്ടിൽ ക്രിസ്റ്റ്യൻ ടെല്ലോ നേടിയ ഗോളിൽ അൽ ഫതഹ് ആണ് ആദ്യം മുന്നിലെത്തിയത്. 42ആം മിനിട്ടിൽ ടലിസ്കയിലൂടെ അൽ നസ്ർ സമനില പിടിച്ചു. 58ആം മിനിട്ടിൽ സൊഫിയാൻ ബെൻഡെബ്കയിലൂടെ അൽ ഫതഹ് വീണ്ടും ലീഡെടുത്തു. അൽ ഫതഹ് ജയം ഉറപ്പിച്ചിരിക്കെ ഇഞ്ചുരി ടൈമിൽ ലഭിച്ച പെനാൽറ്റി ക്രിസ്റ്റ്യാനോ അനായാസം വലയിലെത്തിക്കുകയായിരുന്നു.