കാസര്‍കോഡ് ബദിയടുക്കയില്‍ വന്‍ എം ഡി എം എ വേട്ട; 23കാരന്‍ പിടിയില്‍

1 min read
SHARE

കാസര്‍കോഡ് ബദിയടുക്കയില്‍ വന്‍ എം ഡി എം എ വേട്ട. 23 വയസുകാരന്‍ പിടിയിലായി. നെക്രാജെ പ്ലാവിന്‍തോടി സ്വദേശി മുഹമ്മദ് റഫീഖിനെയാണ് ബദിയടുക്ക പൊലീസ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയിൽ 107.090 ഗ്രാം എം ഡി എം എ പിടിച്ചെടുത്തു.

നിരോധിത ലഹരി വസ്തുക്കള്‍ക്ക് തടയിടുന്നതിന് കണ്ണൂര്‍ റേഞ്ച് തലത്തില്‍ നടക്കുന്ന കോമ്പിങ്ങിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. പ്രതി കിടക്കുന്ന മുറി പരിശോധിച്ചപ്പോള്‍ കട്ടിലിലെ കിടയ്ക്കയ്ക്ക് അടിയിലായി സൂക്ഷിച്ച നിലയിലായിരുന്നു എം ഡി എം എ.

 

അതിനിടെ, ഓപ്പറേഷന്‍ ഡി- ഹണ്ടിന്റെ ഭാഗമായി ഇന്നലെ സംസ്ഥാന വ്യാപകമായി നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2,004 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധ തരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 108 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 114 പേരാണ് അറസ്റ്റിലായത്.