സിനിമയോട് മടുപ്പ് തോന്നി, ചില പ്രൊഡ്യൂസേഴ്‌സ് നന്ദി കെട്ട വര്‍ഗങ്ങളാണ്; മേജർ രവി.

കീർത്തിചക്ര, കുരുക്ഷേത്ര, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ്, പിക്കറ്റ് 43 തുടങ്ങി മലയാള സിനിമയിൽ പട്ടാള സിനിമകള്‍ക്ക് പുതിയ മുഖം നല്‍കിയ സംവിധായകനാണ് മേജര്‍ രവി. ഇപ്പോഴിതാ സിനിമ പഴയപോലെ തന്നെ ത്രസിപ്പിക്കുന്നില്ലെന്ന് പറയുകയാണ് മേജർ രവി. സിനിമ മടുത്തുവെന്നും പല പ്രൊഡ്യൂസേഴ്‌സും തന്നെ പറ്റിച്ചിട്ടുണ്ടെന്നും മേജർ രവി പറഞ്ഞു. സമകാലിക മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
തുടക്കകാലത്ത് സിനിമ എന്നെ ത്രസിപ്പിച്ചിരുന്നു. ഗര്‍ഭിണിയായിട്ട് പ്രസവിക്കുന്ന വരെയുള്ള കൗതുകവും ആകാംഷയും എനിക്കും ഉണ്ടായിരുന്നു. ഇന്ന് അതൊന്നുമല്ല. സിനിമയോട് മടുപ്പ് തോന്നിയിരിക്കുന്നു. ആളുകളുടെ ബിഹേവിയര്‍ പാറ്റേണ്‍ ആണ് മടുപ്പ് തോന്നിച്ചത്. ആളുകള്‍ ഈഗോയിസ്റ്റിക് ആണ്. വല്ലവന്റേയും പൈസ വെച്ചിട്ട് പടം ചെയ്യുന്ന കുറെ പ്രൊഡ്യൂസേഴ്‌സ് ഉണ്ട്. ഇവര് നടക്കുന്നത് കണ്ടു കഴിഞ്ഞാല്‍ ഇവര്‍ എന്തോ ആണെന്നുള്ള ഭാവത്തിലാണ്. ഒരു പാവപ്പെട്ട ഒരുത്തന്‍ വന്ന് കഴിഞ്ഞാല്‍ അവനെ കൊന്ന് കൊലവിളിച്ച് ഓടുകയും ചെയ്യും.
ഇന്നേവരെ എന്റെ ഒരു സിനിമയില്‍ ഒരു മനുഷ്യനും നഷ്ടം വന്നിട്ടില്ല. ഞാന്‍ സിനിമ തുടങ്ങുന്ന സമയത്ത് തന്നെ പ്ലാന്‍ ചെയ്യും. ഫാസ്റ്റില്‍ ഷൂട്ട് പോയിക്കഴിഞ്ഞാല്‍ നമുക്ക് സേവ് ചെയ്യാന്‍ പറ്റും. ഷൂട്ടിങ് ദിവസങ്ങള്‍ കുറയ്ക്കാന്‍ കഴിയും. പക്ഷേ, നമ്മള്‍ എന്ത് ചെയ്താലും കാര്യമില്ല. ചില പ്രൊഡ്യൂസേഴ്‌സ് ഉണ്ട്, നന്ദി കെട്ട വര്‍ഗങ്ങളാണ്. സിനിമയില്‍ ചീറ്റിങ് ഇഷ്ടം പോലെ നടക്കുന്നുണ്ട്. ഞാന്‍ ഇന്നേവരെ ആരേയും ചീറ്റ് ചെയ്തിട്ടില്ല. എന്നെ ചീറ്റ് ചെയ്തിട്ടുള്ള പ്രൊഡ്യൂസര്‍ ഉണ്ട്. ആ പേരെടുത്ത് പറയുന്നില്ല; മേജർ രവി.
അതേസമയം, മോഹൻലാലിനൊപ്പം ഒന്നിക്കാൻ തീരുമാനിച്ച ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചും മേജർ രവി സംസാരിച്ചു. ‘ടീമും കഥയുമെല്ലാം സെറ്റാണ്. രണ്ട് ദിവസം ഷൂട്ട് ചെയ്യുകയും ചെയ്തു. ലാലേട്ടന്റെ ഡേറ്റ് സെപ്റ്റംബറിലേക്ക് ഓക്കെയായിരുന്നു. ആ കറക്ട് സമയത്ത് നിർമാതാവ് കൊണ്ടുപോയി ലാലേട്ടന് അഡ്വാൻസ് കൊടുക്കണം. ആ മൂഡിൽ നിൽക്കുന്ന സമയത്ത് കൊടുത്തിരുന്നെങ്കിൽ ജനുവരിയിൽ നമ്മൾ പടം തുടങ്ങുമായിരുന്നു. ഇത് ആ സമയത്ത് അവിടെ എത്തിയില്ല. നമ്മൾ ചിലരെ വിശ്വസിച്ച് കഴിഞ്ഞാൽ പിന്നെ നമുക്ക് അവരെ വിടാനും ഒരു മനസുണ്ടാകില്ല. ഇത്രയും നാൾ എന്റെ കൂടെ നിന്നതല്ലേ.
വിടണ്ട. ഇല്ലെങ്കിൽ എനിക്ക് എത്രയോ ഓഫർ വന്നതാണ് വേറെ. ഞങ്ങൾ ചെയ്യാം. ആളെ വിട് എന്ന് പറഞ്ഞ്. പക്ഷേ ഞാനത് ചെയ്തിട്ടില്ല. ഇനി ഇപ്പോൾ വരുന്ന സമയത്ത് ഇതിനോടകം തന്നെ ഞാൻ പറഞ്ഞു കഴിഞ്ഞു മോനേ നിന്നെക്കൊണ്ട് ഇത് പറ്റില്ല. വിട്ടേക്ക് എന്ന്. നിലവിൽ സിനിമ എന്താണെന്ന് ചോദിച്ചാൽ എനിക്കൊരു പിടിയുമില്ല. വരുന്ന സമയത്ത് നിങ്ങൾ അറിഞ്ഞാൽ മതി. വരുമോ ഇല്ലയോ എന്ന്. അതോ എന്നോട് കൂടി മണ്ണടിഞ്ഞ് പോകുമോ എന്ന്. അതും നമുക്കറിയില്ല. സിനിമ അങ്ങനെ പ്രവചനാതീതമായ ഒന്നാണ്,’മേജർ രവി കൂട്ടിച്ചേർത്തു.

