സാംസങ് സ്മാർട്ട് ഫോണുകൾക്ക് വൻ വിലക്കയറ്റം; ഏഴ് മോഡലുകൾക്ക് വർധിപ്പിച്ചത് 1000 രൂപയിലധികം

ഇന്ത്യയിലെ ഏഴ് സാംസങ് ഫോണുകളുടെ വില വർദ്ധിപ്പിച്ചതായി റിപ്പോർട്ട്. ഗാലക്‌സി എ (A), ഗാലക്‌സി എഫ് (F), ഗാലക്‌സി എം (M) സീരീസുകളിലെ തിരഞ്ഞെടുത്ത ഫോണുകൾക്ക് ആണ് വില വർധിപ്പിക്കുന്നതെന്നാണ് സൂചന. പുറത്തുവരുന്ന രേഖകൾ പ്രകാരം ജൂലൈ നാല് മുതൽ ഈ മാറ്റങ്ങൾ നിലവിൽ വരും.
വിവിധ മോഡലുകൾക്ക് 1000 രൂപയിലധികം ആണ് വില വർദ്ധിച്ചത്. സമീപ മാസങ്ങളിലായി സാംസഗ് ഇന്ത്യയിൽ നടത്തിയ പല സ്മാർട്ട് ഫോൺ വില പരിഷ്കരണങ്ങൾക്കും പിന്നാലെയാണ് ഈ പ്രഖ്യാപനവും വന്നിരിക്കുന്നത്. എക്സിൽ അഹ്സൻ എന്ന ഉപയോക്താവ് പങ്കുവച്ച സാംസഗ് ഇന്ത്യയുടെ ആഭ്യന്തര രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗാലക്സി A06 5G, A07, A07 5G, A17 5G, F17 5G, F07, M07 മോഡലുകളുടെ പരിഷ്കരിച്ച വില വിവരങ്ങൾ അറിഞ്ഞാലോ.
ഗാലക്‌സി A07 മോഡലിന്റെ വില 10,999 രൂപയിൽ നിന്ന് 11,999 രൂപയായി ഉയർന്നു. ഗാലക്‌സി A07 മോഡൽ 16,999 രൂപയിൽ നിന്ന് 17,999 രൂപയായും, ഗാലക്‌സി A06 മോഡലിന് 13,999 രൂപയിൽ നിന്ന് 14,999 രൂപയായും വർധിച്ചു. ഗാലക്‌സി M07, F07 മോഡലുകളുടെ വില 10,399 രൂപയിൽ നിന്ന് 11,399 രൂപയായി ഉയർന്നു. ഗാലക്‌സി A17 എല്ലാ വകഭേദങ്ങളുടെയും വില വർധിച്ചിട്ടുണ്ട്. ഗാലക്‌സി F17 5G മോഡൽ 18,999 രൂപയിൽ നിന്ന് 19,999 രൂപയായും ഉയർന്നു.

