സർക്കാർ കേരളത്തിന്റെ നേട്ടങ്ങൾ തകർക്കുന്നു, പഞ്ചവത്സര സമീപന രേഖ യുഡിഎഫ് പൂർണമായി അംഗീകരിക്കുന്നുണ്ടോ?: പിണറായി വിജയൻ

SHARE

കേരളത്തിന്റെ നേട്ടങ്ങൾ തകർക്കുകയാണ് യുഡിഎഫ് സർക്കാരെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വികസനത്തിൽ നിന്നും ക്ഷേമ പദ്ധതികളിൽ നിന്നുമെല്ലാം സർക്കാർ പിന്മാറുകയാണ് എന്നും അദ്ദേഹം പറഞ്ഞു. കോർപറേറ്റുകളെ സഹായിക്കുന്ന നിലപാടാണ് സർക്കാർ കൈക്കൊള്ളുന്നതെന്നും പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. കേരളത്തിന്റെ നേട്ടങ്ങളെല്ലാം സർക്കാർ തകർക്കുകയാണ്. പഞ്ചവത്സര സമീപന രേഖ ഇതിന് ഉദാഹരണമാണ്. കൃത്യമായ സംഘപരിവാർ അജണ്ടയാണ് ഇതിന് പിന്നിൽ. യുഡിഎഫ് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്ന് പിണറായി വിജയൻ ആവശ്യപ്പെട്ടു. പഞ്ചവത്സര സമീപന രേഖ യുഡിഎഫ് പൂർണമായി അംഗീകരിക്കുന്നതാണോ എന്നും അദ്ദേഹം ചോദിച്ചു. സാമൂഹ്യ നീതിയിലും ക്ഷേമത്തിലും ഊന്നി കൊണ്ടുള്ള വികസനമാണ് കേരളത്തിന്റെ പ്രത്യേകത. അതിൽ നിന്നുള്ള സമ്പൂർണ്ണ പിന്മാറ്റമാണ് പുതിയ രേഖ മുന്നോട്ട് വയ്ക്കുന്നത്. കോർപ്പറേറ്റുകൾക്ക് സംസ്ഥാനത്തിന്റെ വിഭവങ്ങൾ കൊള്ളയടിക്കാനുള്ള അവസരം ഒരുക്കുകയാണ്. പൊതുസ്വത്ത് സ്വകാര്യമേഖലയ്ക്ക് അടിയറ വയ്ക്കുന്നു. ആസൂത്രണ പ്രക്രിയയെയും സ്വകാര്യമേഖലയ്ക്ക് അടിയറ വയ്ക്കുന്നു. സാധാരണക്കാർ വലിയ തോതിൽ പാർശ്വവൽക്കരിക്കപ്പെടും എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബജറ്റിനു പുറത്തുനിന്ന് സ്വകാര്യ നിക്ഷേപം കൊണ്ടുവരാനാണ് സർക്കാർ ശ്രമിക്കുന്നത്. നീതി ആയോഗിന്റെ മോഡലിൽ കേരളത്തിന്റെ പ്ലാനിങ് ബോർഡിനെ ചുരുക്കാനും നീക്കം നടക്കുന്നു. കേന്ദ്ര ജനവിരുദ്ധ നയങ്ങളുടെ വക്താക്കളായി യുഡിഎഫ് സർക്കാരും മാറുകയാണ്. ബിജെപിയുടെ മുന്നിൽ കീഴടങ്ങുകയാണ് സർക്കാർ. യുഡിഎഫും ബിജെപിയും തമ്മിലുള്ള അവിശുദ്ധ നീക്കത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണം എന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.