ശരത്കാല പാസ്സിങ്ങ് ഔട്ട് പരേഡ്; ചരിത്ര നിമിഷത്തിന് സാക്ഷിയായി ഏഴിമല

ഏഷ്യയിലെ ഏറ്റവും വലിയ നാവിക പരിശീലന കേന്ദ്രമായ ഏഴിമല ഇന്ത്യന്‍ നാവിക അക്കാദമിക്ക് ഇത് ചരിത്ര നിമിഷം. പാസ്സിങ്ങ് ഔട്ട് പരേഡിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് ഏഴിമല നാവിക അക്കാദമിയില്‍ ഊഷ്മളമായ വരവേല്‍പ്പാണ് നല്‍കിയത്. രാഷ്ട്രപതിയെ ഔദ്യോഗികമായ ചടങ്ങുകളോടെ നാവിക ഉദ്യോഗസ്ഥ സംഘം പരേഡ് ഗ്രൗണ്ടിലേക്ക് വരവേറ്റു. പുതുതായി പരിശീലനം പൂര്‍ത്തിയാക്കിയ സേനാംഗങ്ങളുടെ പാസ്സിങ്ങ് ഔട്ടിനായി വിപുലമായ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരുന്നത്. സേനാംഗങ്ങളുടെ കുടുംബാംഗങ്ങള്‍, ക്ഷണിക്കപ്പെട്ട അതിഥികള്‍, ചുമതലയുള്ള ഇതര വിഭാഗം ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്ക് മാത്രമായിരുന്നു ഏഴിമല അക്കാദമിയിലേക്ക് പ്രവേശനം. പുറമെ നിന്നുള്ളവര്‍ക്ക് ചടങ്ങ് വീക്ഷിക്കുന്നതിനായി തത്സമയ സംപ്രേഷണവും നാവിക സേന ഒരുക്കിയിരുന്നു. ഏഴിമലയില്‍ ചിട്ടയായും ശാസ്ത്രീയവുമായ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയ 427 കേഡറ്റുകള്‍ രാജ്യത്തിന്റെ അഭിമാനമായി ദേശസുരക്ഷയുടെ ഭാഗമായി. 69 വനിത കേഡറ്റുകളും ഇതിലുള്‍പ്പെടുന്നു. ഇന്ത്യന്‍ നാവികസേന, കോസ്റ്റ് ഗാര്‍ഡ്, സൗഹൃദ വിദേശ രാജ്യങ്ങളുടെ സമുദ്ര സേനകള്‍ എന്നിവയുടെ കമ്മീഷന്‍ഡ് ഓഫീസര്‍മാരായാണ് ഇവരെല്ലാം രാജ്യസേവനത്തിലേക്ക് കടക്കുന്നത്. കൃത്യതയാര്‍ന്ന ചുവടുകളും അതുല്യമായ അഭിമാനബോധവും ദേശസ്നേഹത്തിന്റെ ആവേശവും അലയടിച്ച പാസ്സിങ് ഔട്ട് പരേഡില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു സേനാംഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ചു.

