നിർമ്മലം പുതുയുഗം ക്യാമ്പയിന്റെ ഇരിക്കൂർ മണ്ഡലംതല ഉദ്ഘാടനം ശ്രീകണ്ഠപുരത്ത് നടന്നു

ശ്രീകണ്ഠപുരം: കേരളത്തെ സമ്പൂർണ്ണ മാലിന്യമുക്ത സംസ്ഥാനമാക്കി മാറ്റുന്നതിനും ശുചിത്വ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമായി തദ്ദേശസ്വയംഭരണ വകുപ്പിന്റെയും ശുചിത്വ മിഷന്റെയും നേതൃത്വത്തിൽ നടപ്പിലാക്കുന്ന ‘നിർമ്മലം – പുതുയുഗ ശുചിത്വ കേരളം’ ക്യാമ്പയിന്റെ ഇരിക്കൂർ നിയോജക മണ്ഡലംതല ഉദ്ഘാടനം ശ്രീകണ്ഠപുരത്ത് നടന്നു. ഇരിക്കൂർ എം.എൽ.എ അഡ്വ. സജീവ് ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. ജൈവ-അജൈവ മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ വേർതിരിച്ച് സംസ്കരിക്കുന്ന രീതി വീടുകളിലും സ്ഥാപനങ്ങളിലും 100 ശതമാനം ഉറപ്പാക്കുക, ശുചിത്വ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി സുസ്ഥിരമാക്കുക, ഹരിതകർമസേനയുടെ പ്രവർത്തനക്ഷമത വർധിപ്പിക്കുക, കേരളത്തെ സമ്പൂർണ്ണ മാലിന്യമുക്തമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. ശ്രീകണ്ഠപുരം നഗരസഭയിലെ കൗൺസിലർമാർ ചിട്ടപ്പെടുത്തിയ സ്വാഗതഗാനത്തോടെ ആരംഭിച്ച പരിപാടിയിൽ നഗരസഭ വൈസ് ചെയർപേഴ്സൺ നിഷിത റഹ്മാൻ സ്വാഗതം പറഞ്ഞു. നഗരസഭ ചെയർമാൻ അഡ്വ. ഇ.വി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ശുചിത്വ മിഷൻ കണ്ണൂർ ജില്ലാ കോർഡിനേറ്റർ സുനിൽ കുമാർ വിഷയാവതരണം നടത്തി. ശ്രീകണ്ഠപുരം നഗരസഭ വൈസ് ചെയർപേഴ്സൺ നിഷിത റെഹ്മാൻ സ്വാഗതം പറഞ്ഞ പരിപാടിയിൽ നഗരസഭ സെക്രട്ടറി അനീഷ് കെ കെ ചടങ്ങിന് നന്ദി പറഞ്ഞു. ആലക്കോട് പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ബേബി ജോർജ്, ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സിജി സണ്ണി, നടുവിൽ പഞ്ചായത്ത് പ്രസിഡന്റ് മോളി സജി, ഏരുവേശി പഞ്ചായത്ത് പ്രസിഡന്റ് ജോസ് പരത്തനാൽ, പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ബെന്നി, ചെങ്ങളായി പഞ്ചായത്ത് പ്രസിഡന്റ് വിപിന ബി.പി, ഉദയഗിരി പഞ്ചായത്ത് പ്രസിഡന്റ് ടെസി ആലുംമൂട്ടിൽ, ജില്ലാ പഞ്ചായത്ത് അംഗം എ. പ്രദീപൻ എന്നിവർ പങ്കെടുത്തു. നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാർ പരിപാടിക്ക് നേതൃത്വം നൽകി. ഹരിതകർമസേനാംഗങ്ങൾ, ശുചീകരണ വിഭാഗം തൊഴിലാളികൾ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.

