April 2026
M T W T F S S
 12345
6789101112
13141516171819
20212223242526
27282930  
April 15, 2026

സയനൈഡ് മോഹന്റെ കഥയോ കളങ്കാവല്‍? സിനിമയില്‍ 20 നായികമാരോ.

SHARE

മലയാള സിനിമാസ്വാദകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് കളങ്കാവല്‍. മമ്മൂട്ടിയുടെ വേറിട്ട പ്രകടനം ഉറപ്പുതരുന്ന ട്രെയിലറുള്‍പ്പടെ തരംഗമായിട്ടുമുണ്ട്. സയനൈഡ് മോഹന്റെ കഥയാണ് കളങ്കാവലെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ട്രെയിലറും ഇക്കാര്യം അടിവരയിടുന്നുണ്ട്. ആരാണ് സയനൈഡ് മോഹന്‍? ബെലഗാവിയിലെ ഹിന്‍ഡാല്‍ഗ ജയിലില്‍ വധശിക്ഷ കാത്തുകഴിയുന്ന ഈ കൊടുംകുറ്റവാളിയുടെ കഥ എന്താണ്? മംഗളൂരുവില്‍ കായികാധ്യാപകനായിരുന്ന മോഹന്‍ കുമാറിന് സയനൈഡ് മോഹന്‍ എന്ന പേര് വീണത് എങ്ങനെയാണ്? അയാളുടെ കഥ ഒരു സിനിമയ്ക്ക് കാതലാവുന്നത് എങ്ങനെ?

കര്‍ണാടകയിലെ മംഗളൂരുവില്‍ ബണ്ട്വാള്‍ കന്യാനയിലെ കായിക അധ്യാപകനായിരുന്ന മോഹന്‍കുമാര്‍ 2003-2009 കാലയളവില്‍ നാലു മലയാളികളടക്കം ഇരുപതോളം യുവതികളെയാണു സയനൈഡ് നല്‍കി അതിക്രൂരമായി കൊന്നത്. ഇത് പൊലീസ് തെളിയിച്ച കണക്ക്. 34 സ്ത്രീകളെ താന്‍ ഇത്തരത്തില്‍ കൊലപ്പെടുത്തിയെന്നായിരുന്നു ഇയാള്‍ പൊലീസിന് നല്‍കിയ മൊഴി. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷമായിരുന്നു കൊലപാതകങ്ങളത്രയും. ഗര്‍ഭ നിരോധന ഗുളികയാണെന്നു പറഞ്ഞു സയനൈഡ് നല്‍കി കൊന്ന് ആഭരണങ്ങള്‍ മോഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു ഇയാളുടെ രീതി.

ബണ്ട്വാള്‍ ബരിമാറിലെ അനിതയെ കാണാതായതിനെ തുടര്‍ന്ന് 2009ല്‍ ബണ്ട്വാളിലുണ്ടായ കലാപമാണു കൂട്ടക്കൊലപാതക കേസുകളിലേക്കുള്ള വഴിതുറക്കുന്നത്. അന്യമതസ്ഥനൊപ്പം ഒളിച്ചോടിയെന്ന് ആരോപിച്ച് അനിതയുടെ സമുദായത്തില്‍പെട്ടവരാണു പ്രക്ഷോഭം നടത്തിയത്. ഇതേത്തുടര്‍ന്നു പൊലീസ് നടത്തിയ അന്വേഷണത്തില്‍ അനിതയുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്ന മോഹന്‍ പിടിയിലാകുകയായിരുന്നു. അന്വേഷണം പുരോഗമിക്കെ, ഇയാളുമായി ബന്ധമുണ്ടായിരുന്ന കാസര്‍കോട് സ്വദേശിനി പുഷ്പ ഉള്‍പ്പെടെ ഒട്ടേറെ യുവതികളെ കാണാനില്ലെന്നു മനസ്സിലായി. വിശദമായ ചോദ്യം ചെയ്യലിലാണു കൊലപാതക പരമ്പരയുടെ ചുരുളഴിയുന്നത്. അനിതയുടേത് ഉള്‍പ്പെടെ യുവതികളുടെ മൃതദേഹങ്ങള്‍ സംസ്ഥാനത്തെ വിവിധ ബസ് സ്റ്റാന്‍ഡുകളിലെ ശുചിമുറിയില്‍ കണ്ടെത്തുകയുമുണ്ടായി.

നിര്‍ധന കുടുംബങ്ങളിലെ പെണ്‍കുട്ടികളെയാണു മോഹന്‍ വലയിലാക്കിയിരുന്നത്. സ്നേഹം നടിച്ചു വശത്താക്കിയ ശേഷം ക്ഷേത്രത്തില്‍ കൊണ്ടുപോയി താലി കെട്ടും. തുടര്‍ന്നു നഗരത്തിലെ ഹോട്ടലിലോ ലോഡ്ജിലോ മുറിയെടുക്കും. ഒരു സംശയത്തിനും ഇടനല്‍കാതെ യഥാര്‍ഥ സ്‌നേഹമാണെന്നു യുവതികളെ വിശ്വസിപ്പിക്കുന്നതില്‍ മോഹന്‍ വിരുതനായിരുന്നെന്നു പൊലീസ് പറയുന്നു. ഹോട്ടല്‍ മുറിയില്‍ യുവതികളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടും. എന്തെങ്കിലും നുണപറഞ്ഞ് ആഭരണങ്ങള്‍ കൈക്കലാക്കും. കല്യാണത്തിനും പീഡനത്തിനും കൊലയ്ക്കുമെല്ലാം കൂടി ഏതാനും ദിവസങ്ങളെ മോഹനു വേണ്ടൂ. ഇരകളെല്ലാം 2030 പ്രായത്തില്‍ ഉള്ളവരായിരുന്നു.

പല കാരണങ്ങള്‍ പറഞ്ഞു യുവതികളുമായി പിറ്റേന്നുരാവിലെ സമീപത്തെ ബസ് സ്റ്റേഷനില്‍ കൊണ്ടുപോകും. ഗര്‍ഭനിരോധന ഗുളിക കഴിക്കാന്‍ നിര്‍ബന്ധിക്കും. അതുമായി ശുചിമുറിയില്‍ കയറുന്ന യുവതികള്‍ക്കു വെള്ളത്തിനു പകരം സയനൈഡ് കലര്‍ന്ന ലായനിയാകും ചിലപ്പോള്‍ നല്‍കുക. സയനൈഡ് പുരട്ടിയ ഗുളികയും കൊടുക്കാറുണ്ട്. യുവതി ശുചിമുറിയില്‍ പോകുന്ന തക്കത്തിനു മോഹന്‍ സ്ഥലംവിടും, തന്റേതായ യാതൊരു അടയാളവും ബാക്കിവയ്ക്കാതെ. ശുചിമുറിയില്‍ ചെന്നു ഗുളിക കഴിക്കുന്ന യുവതി ഉടന്‍ മരിച്ചുവീഴും. ശരീരത്തിനുള്ളില്‍ എത്തിയതു സയനൈഡ് ആയതിനാല്‍ പലപ്പോഴും ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തില്‍ മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കും.

താനാണു കൊല നടത്തിയതെന്നതിനു വ്യക്തമായ തെളിവില്ലെന്ന് അവകാശപ്പെട്ടു മോഹന്‍കുമാര്‍ വിചാരണക്കോടതിയുടെ വിധികളെ ചോദ്യം ചെയ്തു മേല്‍ക്കോടതിയെ സമീപിക്കാറുണ്ട്. കേസില്‍ തനിക്കുള്ളത്ര ധാരണ അഭിഭാഷകന് ഉണ്ടാകില്ലെന്നും സ്വയം വാദിക്കാന്‍ അനുവദിക്കണം എന്നുമുള്ള അഭ്യര്‍ഥന കോടതി അംഗീകരിച്ചിട്ടുമുണ്ട്. കോടതിയില്‍ സ്വയം വാദിച്ചു വധശിക്ഷയില്‍നിന്നു മോചിതനായ ചരിത്രവുമുണ്ട് ഈ കുപ്രസിദ്ധ കുറ്റവാളിക്ക്.

2007 മേയ് 29നാണു പൂര്‍ണിമയെന്ന സ്ത്രീയെ ബെംഗളൂരു ഉപ്പാര്‍പേട്ട് കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡിലെ വിശ്രമമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് ആദ്യം കരുതിയത്. 2010ല്‍ മറ്റൊരു കേസില്‍ അറസ്റ്റിലായ മോഹന്‍ കുമാറിനെ ചോദ്യം ചെയ്തപ്പോഴാണ് ഇതടക്കം 20 കൊലപാതകങ്ങളുടെ ചുരുളഴിയുന്നത്.

2007 ഏപ്രിലില്‍ ഉപ്പള ബസ് സ്റ്റാന്‍ഡിലാണ് ഇരുവരും പരിചയപ്പെടുന്നത്. കര്‍ണാടക വനംവകുപ്പ് ഉദ്യോഗസ്ഥന്‍ സുധാകര്‍ ആചാര്യ എന്നായിരുന്നു അയാള്‍ സ്വയം പരിചയപ്പെടുത്തിയത്. അടുപ്പം സ്ഥാപിച്ച ശേഷം വിവാഹ വാഗ്ദാനം നല്‍കി. സംഗീതം റെക്കോഡ് ചെയ്യാനെന്നു പറഞ്ഞു യുവതിയെ ബെംഗളൂരുവില്‍ എത്തിച്ചു. ഹോട്ടലില്‍ തങ്ങിയ ശേഷം പിറ്റേന്നു രാവിലെ പൂജയ്ക്കു പങ്കെടുക്കാന്‍ പോകണമെന്നും ആഭരണങ്ങള്‍ അഴിച്ചു മുറിയിലെ അലമാരയില്‍ വയ്ക്കാനും മോഹന്‍ നിര്‍ദേശിച്ചു. പൂജയ്‌ക്കെന്നു പറഞ്ഞു മുറിയില്‍ നിന്നിറങ്ങി. ഗര്‍ഭ നിരോധന ഗുളിക എന്ന പേരില്‍ നല്‍കിയതു സയനൈഡ് ഗുളിക. ഛര്‍ദിയും ക്ഷീണവും ഉണ്ടാകാന്‍ ഇടയുള്ളതിനാല്‍ വിശ്രമമുറിയില്‍ പോയി കഴിക്കാന്‍ ആവശ്യപ്പെട്ടു. ബസ് സ്റ്റാന്‍ഡിലെ വിശ്രമ മുറിയില്‍ ചെന്നു ഗുളിക കഴിച്ച ഉടന്‍ ഇവര്‍ കുഴഞ്ഞുവീണു മരിച്ചു. പിന്നാലെ മോഹന്‍ ഹോട്ടലിലെത്തി ആഭരണങ്ങളെടുത്തു നാട്ടിലേക്കു മടങ്ങി. പലപ്പോഴും തനിക്കെതിരായ കേസുകള്‍ ഒറ്റയ്ക്കു വാദിക്കുന്ന മോഹന്‍, ചില വധശിക്ഷകള്‍ പിന്നീടു ജീവപര്യന്തമാക്കി മാറ്റിയെടുത്തിട്ടുമുണ്ട്.

യുവതികളെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയ മൂന്നു കേസുകളില്‍ മോഹന്‍കുമാറിന് 2013 ഡിസംബറില്‍ കോടതി വധശിക്ഷ വിധിച്ചിരുന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വമെന്നു വിലയിരുത്തിയായിരുന്നു കോടതി വിധി. ഭവിഷ്യത്തുകളെക്കുറിച്ചുള്ള ഉത്തമബോധ്യത്തോടെയാണു പ്രതി കൃത്യങ്ങള്‍ നടത്തിയതെന്നു വ്യക്തമാണെന്നും ദയ അര്‍ഹിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. വിവിധ വകുപ്പുകളിലായി 41 വര്‍ഷവും ആറു മാസവും തടവ്, 38,000 രൂപ പിഴ എന്നീ ശിക്ഷകളും വിധിച്ചു. എന്നാല്‍ പരമാവധി ശിക്ഷയായ വധശിക്ഷ അനുഭവിച്ചാല്‍ മതിയെന്നു കോടതി വ്യക്തമാക്കി.

2009 ഒക്ടോബര്‍ 21ന് ആണ് മോഹന്‍ പിടിയിലാകുന്നത്. 2011 ഏപ്രില്‍ 20നു കുറ്റപത്രം സമര്‍പ്പിച്ചു. 2011 നവംബര്‍ 21ന് അതിവേഗ കോടതിയില്‍ വിചാരണ ആരംഭിച്ചു. പ്രതി കേസ് സ്വയം വാദിച്ചു. വിചാരണവേളയില്‍ ഒരിക്കല്‍ പോലും പശ്ചാത്താപം പ്രകടിപ്പിക്കാത്ത മോഹന്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെന്നു കോടതി ചൂണ്ടിക്കാട്ടി. അധ്യാപകനെന്ന നിലയ്ക്കു ജോലിയോട് ആത്മാര്‍ഥതയോ സമൂഹത്തോടു പ്രതിബദ്ധതയോ പ്രതി പുലര്‍ത്തിയില്ല. മാത്രമല്ല കൊല്ലപ്പെട്ടവരോടു പ്രതിക്ക് എന്തെങ്കിലും മുന്‍വൈരാഗ്യമോ ഇവരെ കൊല്ലാന്‍ പെട്ടെന്ന് എന്തെങ്കിലും പ്രകോപനമോ ഉണ്ടായിട്ടില്ല.

കൊലയ്ക്കു തിരഞ്ഞെടുത്ത മാര്‍ഗങ്ങളും കൊല ചെയ്ത രീതിയും പരിശോധിക്കുമ്പോള്‍ അവിവാഹിതകളായ മൂന്നു യുവതികളെ ആസൂത്രിതമായാണ് മാനഭംഗവും കൊലയും കവര്‍ച്ചയും നടത്തിയതെന്നു വ്യക്തമാണ്. പ്രതിയുടെ ക്രൂരമായ മാനസികാവസ്ഥയാണ് വ്യക്തമാകുന്നത്. സമൂഹത്തെ മാത്രമല്ല, ജുഡീഷ്യറിയെയും ഞെട്ടിപ്പിക്കുന്ന സംഭവമാണിതെന്നും വിധി പ്രഖ്യാപന വേളയില്‍ ജഡ്ജി അഭിപ്രായപ്പെട്ടിരുന്നു.

കാസര്‍കോട് മുള്ളേരിയ പുഷ്പ, ഉപ്പള വിജയലക്ഷ്മി , പൈവളിഗെ സാവിത്രി, മംഗലാപുരം തൊക്കോട്ടു താമസിച്ച കുമ്പള സ്വദേശിനി കമല എന്നിവരാണു മോഹന്റെ കൈകളാല്‍ കൊല്ലപ്പെട്ട മലയാളികള്‍. മൂന്നു യുവതികളെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാവിധി കേള്‍ക്കാന്‍ കോടതിയില്‍ എത്തിയപ്പോഴും വധശിക്ഷയെന്ന വിധി കേട്ടു പുറത്തിറങ്ങിയപ്പോഴും പ്രതി മോഹന്‍കുമാറിന്റെ മുഖത്തു യാതൊരു ഭാവമാറ്റവുമുണ്ടായിരുന്നില്ല. പുഞ്ചിരിച്ചുകൊണ്ടാണ് അയാള്‍ കോടതിയിലേക്ക് കയറിയത്. നാടിനെ നടുക്കിയ കൊലയാളിയാണെന്നു കണ്ടാല്‍ തോന്നാത്ത ഭാവം.

ചുണ്ടില്‍ കത്തിക്കാതെവെച്ച സിഗരറ്റുമായി, ഒരു നിഗൂഢഭാവത്തില്‍ തന്നെ നില്‍ക്കുന്ന മമ്മൂക്കയുടെ ക്യാരക്ടര്‍ ട്രയിലറില്‍ കണ്ടതുമുതല്‍ അഭ്യൂഹങ്ങള്‍ നിറയുന്നുണ്ട് സയനേഡ് മോഹന്റെ കഥയാണ് കളങ്കാവല്‍ എന്നും 20 നായികമാര്‍ സിനിമയിലുണ്ടെന്നുമെല്ലാം. എന്നാല്‍ അണിയറപ്രവര്‍ത്തകരോ സംവിധായകനോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

ഇത്തരത്തില്‍ പലവിധ അഭ്യൂഹങ്ങള്‍ നിറയുമ്പോള്‍, ചിത്രം പുറത്തെത്തുന്നതുവരെ ആരാധകരും ആകാംഷയിലാണ്…