June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 16, 2026

മുംബൈ ക്ഷേത്രത്തിലെ കാളി വിഗ്രഹം മേരി മാതാവിന്‍റെ രൂപത്തിൽ; പ്രതിഷേധത്തിനൊടുവിൽ പൂജാരി അറസ്റ്റിൽ

SHARE

മുംബൈയിലെ ചെമ്പൂരിലുള്ള ഒരു കാളി ക്ഷേത്രത്തിൽ ദേവി വിഗ്രഹത്തെ മേരി മാതാവിനോട് സാമ്യമുള്ള രീതിയിൽ അലങ്കരിച്ചതിനെ തുടർന്ന് പ്രതിഷേധം ഉയർന്നു. മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ ക്ഷേത്ര പൂജാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. അനിക് വില്ലേജിലെ ഹിന്ദു ശ്മശാനത്തിനുള്ളിലെ കാളി ക്ഷേത്രത്തിലാണ് സംഭവം. സ്വർണ്ണ വസ്ത്രവും വെളുത്ത അലങ്കാരങ്ങളോടുകൂടിയ വലിയ കിരീടവും, മുകളിലായി സ്വർണ്ണ കുരിശും വിഗ്രഹത്തിൽ സ്ഥാപിച്ച നിലയിൽ ഫോട്ടോകൾ പുറത്തുവന്നു.

പരമ്പരാഗതമായി കറുപ്പ് അല്ലെങ്കിൽ കടും നീല നിറത്തിൽ പ്രതീക്ഷിക്കപ്പെടുന്ന ദേവിയുടെ മുഖത്ത് വെളുത്ത ചായം പൂശിയതായും, കുഞ്ഞായ യേശുവിനെ പ്രതിനിധീകരിക്കുന്നതായി കരുതപ്പെടുന്ന ഒരു കുട്ടിയുടെ രൂപം കൈയിൽ പിടിച്ചിരിക്കുന്നതായും ആരോപണമുണ്ട്.

ശ്രീകോവിലിന്റെ പശ്ചാത്തലം ചുവന്ന തുണിയാൽ മറച്ച് വലിയ സ്വർണ്ണ കുരിശ് ആലേഖനം ചെയ്ത് ലൈറ്റുകളും ടിൻസലും ഘടിപ്പിച്ചിരുന്നു. സംഭവത്തെക്കുറിച്ച് ഭക്തർ ചോദിച്ചപ്പോൾ, ദേവി തന്റെ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് മാതാവ് മറിയത്തിന്റെ രൂപത്തിൽ അലങ്കരിക്കാൻ ആവശ്യപ്പെട്ടുവെന്നായിരുന്നു പൂജാരിയുടെ വിശദീകരണം.
വിവാദം നിലനിൽക്കുന്ന സാഹചര്യത്തിൽ പൊലീസ് സ്ഥലത്തെത്തി വിഗ്രഹം യഥാർത്ഥ അവസ്ഥയിലേക്ക് പുനഃസ്ഥാപിപ്പിച്ചു. പ്രദേശത്ത് അശാന്തി പടരാതിരിക്കാനായി സുരക്ഷ വർധിപ്പിച്ചതായും ഉദ്യോഗസ്ഥർ അറിയിച്ചു.

പൂജാരിയെ കോടതിയിൽ ഹാജരാക്കിയ ശേഷം രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. മാറ്റം വരുത്താനുള്ള കാരണം, ഒറ്റയ്ക്കാണോ പ്രവർത്തിച്ചതെന്ന് തുടങ്ങിയ കാര്യങ്ങൾ കണ്ടെത്തുന്നതിനായി ചോദ്യം ചെയ്യൽ നടത്തിവരുന്നു. മതവികാരം വ്രണപ്പെടുത്തുന്നതിനും ആരാധനാലയത്തിന് കേടുപാടുകൾ വരുത്തുന്നതിനും ഇന്ത്യൻ ന്യായസംഹിതയിലെ സെക്ഷൻ 299 പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. വിശ്വ ഹിന്ദു പരിഷത്ത്, ബജ്‌റംഗ്ദൾ തുടങ്ങിയ സംഘടനകൾ സംഭവത്തെ അപലപിച്ചു. വിഷയത്തിൽ ഉൾപ്പെട്ട എല്ലാവരെയും കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്നും പ്രദേശത്ത് ക്രമസമാധാനം നിലനിർത്താൻ ശക്തമായ നടപടി വേണമെന്നും അവർ ആവശ്യപ്പെട്ടു.