കിണറ്റിൽ മുങ്ങിത്താഴ്ന്ന കുഞ്ഞനുജൻ; സാഹസികമായി രക്ഷപ്പെടുത്തി എട്ടു വയസുകാരി
1 min readമാവേലിക്കരയിൽ കിണറ്റില്‍ വീണ രണ്ട് വയസുകാരനെ സാഹസികമായി രക്ഷപ്പെടുത്തി എട്ട് വയസുകാരിയായ സഹോദരി. പൈപ്പിലൂടെ ഇറങ്ങിയാണ് എട്ടു വയസുകാരി തന്റെ കുഞ്ഞനുജനെ രക്ഷപ്പെടുത്തിയത്. മാങ്കാംകുഴി കല്ലിത്തുണ്ടം പറങ്കാംകൂട്ടത്തിൽ താമസിക്കുന്ന ദിയ ഫാത്തിമയാണ് അനുജനെ രക്ഷിച്ചത്.ഇന്നലെ വൈകിട്ട് അഞ്ചിനാണ് സംഭവം. 20 അടിയിലേറെ താഴ്ചയുണ്ട് കിണറിന്.ഇന്നലെ വൈകിട്ട് ദിയയും അനുജത്തി ദുനിയയും അയയിൽ നിന്നു വസ്ത്രങ്ങൾ എടുക്കുകയായിരുന്നു. ഇതിനിടെയാണ് ഇവരുടെ കണ്ണ് വെട്ടിച്ച് ഇവാൻ കിണറിനടുത്തുള്ള പമ്പിൽ ചവിട്ടി കിണറിനു മുകളിലേക്ക് കയറിയത്. തുടർന്ന് തുരുമ്പിച്ച ഇരുമ്പുമറയുടെ മധ്യഭാഗം തകർന്ന് കുട്ടി കിണറ്റിലേക്ക് വീഴുകയായിരുന്നു. ശബ്ദം കേട്ട ഉടൻ തന്നെ സഹോദരി ദിയ കിണറ്റിലേക്കുള്ള പിവിസി പൈപ്പിലൂടെ ഇറങ്ങി ഇവാനെ രക്ഷപ്പെടുത്തുകയായിരുന്നു. കിണറ്റിനടിയിൽ കൈകാലിട്ടടിക്കുന്ന കുഞ്ഞനുജനെയാണ് ദിയ കണ്ടത്.കൃത്യ സമയത്തെ ദിയയുടെ ഇടപ്പെടൽ മൂലം അനുജൻ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് നാട്ടുകാർ രണ്ടു കുട്ടികളെയും കിണറ്റിൽ നിന്നും പുറത്തേക്കെത്തിച്ചു. ഇവാന്റെ തലയിൽ ചെറിയ പരുക്കുകളുണ്ട്. ഇവാനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ കുഞ്ഞ് ശിശു തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. ദിയയ്ക്ക് പരുക്കുകളില്ല.