June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 24, 2026

കെ കെ രമ എംഎൽഎയുടെ മകൻ്റെ വിവാഹത്തിൽ പങ്കെടുത്തു; സിപിഐഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിൽ എ എൻ ഷംസീറിന് വിമർശനം

SHARE

കോഴിക്കോട്: സിപിഐഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിൽ സ്പീക്ക‍ർ എ എൻ ഷംസീറിന് വിമർശനം. കെ കെ രമ എംഎൽഎയുടെ മകൻ്റെ വിവാഹത്തിൽ പങ്കെടുത്തതിൻ്റെ പേരിലായിരുന്നു വിമർ‌ശനം. കമ്മ്യൂണിസ്റ്റുകാർ പോകില്ല, സ്പീക്കറായത് കൊണ്ടാകാം പോയതെന്നായിരുന്നു വിമ‍ർ‌ശനത്തോടുള്ള മുഖ്യമന്ത്രിയുടെ മറുപടി. പ്രകാശ് ജാവദേക്കർ-ഇ പി ജയരാജൻ കൂടിക്കാഴ്ചയ്ക്കെതിരെയും വിമർശനം ഉയർന്നു. ഇ പി ജയരാജൻ പ്രകാശ് ജാവദേക്കറിനെ കണ്ടതിൽ ജാ​ഗ്രതക്കുറവ് ഉണ്ടായെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞു.

സമ്മേളനത്തിൽ ഡിവൈഎഫ്‌ഐയ്‌ക്കെതിരെയും രൂക്ഷ വിമർശനം ഉയർന്നു. ഡിവൈഎഫ്ഐ പാലിയേറ്റീവ് സംഘടനയായി തരംതാഴ്ന്നു എന്നാണ് വിമ‍ർശനം ഉയർന്നത്. നേതാക്കൾ കരയൊപ്പിച്ച് മുണ്ടുടുത്ത് നടക്കുകയാണെന്നും ശക്തമായ സമരങ്ങൾ സംഘടിപ്പിക്കുന്നില്ലെന്നും പ്രതിനിധികൾ വിമർശിച്ചു.

കോഴിക്കോട് ജില്ലാ കമ്മിറ്റിക്കെതിരെയും വിമർശനം ഉയർന്നു. ജില്ലയിലെ പാർട്ടി ന്യൂനപക്ഷ വർഗീയതയെ പ്രോത്സാഹിപ്പിച്ചു. ഭരണഘടന സംരക്ഷണ സമിതി ന്യൂനപക്ഷങ്ങളെ പ്രീതിപ്പെടുത്താൻ. പലസ്തീൻ ഐക്യദാർഢ്യ സദസ്സും ഏകസിവിൽ കോഡ‍് റാലിയും ഭൂരിപക്ഷ സമുദായങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കിയെന്നും സമ്മേളനത്തിൽ വിമ‍ർശനം ഉയർന്നു. തദ്ദേശവകുപ്പ് മന്ത്രിക്കെതിരെയും വിമർശനമുണ്ടായി. കെട്ടിടനികുതി വർധന ജനവിരുദ്ധമായി എന്നായിരുന്നു വിമ‍ർശനം.

വടകരയിൽ നടക്കുന്ന സിപിഐഎം കോഴിക്കോട് ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. നിലവിലെ സെക്രട്ടറി പി മോഹനൻ സ്ഥാനം ഒഴിയുന്ന സാഹചര്യത്തിൽ പുതിയ ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുക്കും. ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടർച്ചയായി മൂന്ന് ടേം പൂർത്തിയാക്കിയ സാഹചര്യത്തിലാണ് പി മോഹനൻ സ്ഥാനം ഒഴിയുന്നത്. പുതിയ ജില്ലാ സെക്രട്ടറിയായി വനിതാ നേതാവ് വരുമെന്ന് അഭ്യൂഹങ്ങളുണ്ട്.

 

സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ ജില്ലയിൽ എത്ര ഏരിയാ സെക്രട്ടറിമാരുണ്ടെന്ന് നേരത്തെ കാന്തപുരം വിമർശനം ഉന്നയിച്ചിരുന്നു. സിപിഐഎം നേതൃത്വത്തിലെ വനിതാ പ്രാതിനിധ്യം സംബന്ധിച്ച് ചർച്ച ഉയർന്ന പശ്ചാത്തലത്തിൽ കാന്തപുരത്തിൻ്റെ വിമർശനത്തെ പി മോഹനനും തോമസ് ഐസക്കും ഉൾക്കൊണ്ടിരുന്നു. ഈ സാഹചര്യത്തിലാണ് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി സ്ഥാനത്തേയ്ക്ക് വനിതാ നേതാവ് വരുമെന്ന അഭ്യൂഹങ്ങൾ ഉയർന്നിരിക്കുന്നത്. പി സതീദേവി, കെ കെ ലതിക തുടങ്ങിയ പേരുകളാണ് അന്തരീക്ഷത്തിലുള്ളത്. എം ഗിരീഷ്, എം മെഹബൂബ്, കെ കെ ദിനേശൻ എന്നിവരുടെ പേരുകളും സെക്രട്ടറി സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നുണ്ട്.