September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 20, 2026

6 ശതമാനം പലിശനിരക്കിൽ 5 കോടി വരെ വായ്പ: മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി മൂന്നാം പതിപ്പിന് തുടക്കമായി

SHARE

കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെഎഫ്‌സി) നടപ്പാക്കുന്ന മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയുടെ (CMEDP) മൂന്നാം പതിപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനവും ഗുണഭോക്താക്കൾക്കുള്ള ആദ്യ വായ്പാ വിതരണവും മുഖ്യമന്ത്രി വി ഡി സതീശൻ ഇന്ന് നിർവഹിക്കും. തിരുവനന്തപുരം തൈക്കാടുള്ള ലെമൺ ട്രീ പ്രീമിയർ ഹോട്ടലിൽ ഉച്ചയ്ക്ക് 12 മണിക്കാണ് ചടങ്ങ്.

 

സംരംഭകരെ ശാക്തീകരിക്കുക, സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ (MSME) മേഖലയെ ശക്തിപ്പെടുത്തുക, സംസ്ഥാനത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നിവയാണ് നവീകരിച്ച പദ്ധതിയുടെ ലക്ഷ്യം. പുതിയ സംരംഭങ്ങൾക്കും നിലവിലുള്ള സംരംഭങ്ങൾക്കും 6 ശതമാനം പലിശനിരക്കിൽ പരമാവധി 5 കോടി രൂപ വരെ വായ്പ ലഭ്യമാക്കുന്ന രീതിയിലാണ് പദ്ധതി വിപുലീകരിച്ചിരിക്കുന്നത്. മുമ്പ് വായ്പയുടെ ഉയർന്ന പരിധി 2 കോടി രൂപയായിരുന്നു. മൊത്തം പദ്ധതി ചെലവിന്റെ 90 ശതമാനം വരെ വായ്പ ലഭിക്കും. ഒരു വർഷം വരെ മോറട്ടോറിയം സൗകര്യവും പദ്ധതിയുടെ ഭാഗമായി ലഭ്യമാണ്.

ഇതിനൊപ്പം കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ വായ്പാ പരിധി 50 കോടി രൂപയിൽ നിന്ന് 100 കോടി രൂപയായി സംസ്ഥാന സർക്കാർ വർധിപ്പിച്ചിട്ടുണ്ട്. വലിയ സംരംഭങ്ങളുടെ വളർച്ചയ്ക്കും സംസ്ഥാനത്തിന്റെ വ്യാവസായിക വികസനത്തിനും ഇത് കൂടുതൽ കരുത്തേകുമെന്ന് അധികൃതർ അറിയിച്ചു.

 

ആരോഗ്യ, ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ മുഖ്യാതിഥിയാകും. കെ.എഫ്.സി.യുടെ തിരഞ്ഞെടുത്ത സംരംഭകർക്കുള്ള പ്ലാറ്റിനം, ഗോൾഡ്, സിൽവർ, പിങ്ക് കാർഡുകളുടെ വിതരണം മന്ത്രി നിർവഹിക്കും. മികച്ച കെ.എഫ്.സി. ശാഖയ്ക്കുള്ള പുരസ്കാരം ഡോ. ശശി തരൂർ എം പി സമ്മാനിക്കും.കെ.എഫ്.സി. മാനേജിംഗ് ഡയറക്ടർ ഉമേഷ് എൻ എസ് കെ സ്വാഗതം ആശംസിക്കും. എക്സിക്യൂട്ടീവ് ഡയറക്ടർ പ്രേംനാഥ് രവീന്ദ്രനാഥ് പദ്ധതിയുടെ അവതരണം നടത്തും. എം വിൻസെന്റ് എം എൽ എ, ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ, ധനകാര്യ (റിസോഴ്‌സസ്) വകുപ്പ് സെക്രട്ടറി അജിത് പാട്ടീൽ, കോർപ്പറേഷൻ കൗൺസിലർ കെ ആർ ക്ലീറ്റസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കും. കെ.എഫ്.സി. ജനറൽ മാനേജർ രഞ്ജിത് കുമാർ ഇ ആർ നന്ദി രേഖപ്പെടുത്തും.