October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 19, 2026

അക്രമികൾ വലിയ വില നൽകേണ്ടിവരുമെന്ന് മാക്രോൺ; പ്രസിഡൻറിൻ്റെ കടുത്ത മുന്നറിയിപ്പിനുശേഷവും പാരിസിൽ കൊള്ള തുടരുന്നു.

SHARE

പാരിസ്: ഫ്രാൻസിൽ ജനകീയ പ്രതിഷേധത്തിനിടെ നടന്ന അക്രമ സംഭവങ്ങളിൽ തെരുവിലിറങ്ങി നാശനഷ്‌ടങ്ങൾ വരുത്തിയവർ വലിയ വില നൽകേണ്ടിവരുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ കടുത്ത മുന്നറിയിപ്പ് നൽകി. എന്നാൽ, പ്രസിഡൻ്റ് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചതിന് ശേഷവും തലസ്ഥാനമായ പാരിസിൽ കൊള്ളയടിയും അക്രമങ്ങളും തടസ്സമില്ലാതെ തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ.ഇലക്ട്രോണിക്സ് കടകളിൽ ഇരച്ചുകയറിയ മുഖംമൂടി ധരിച്ച സംഘം ടിവി, വാഷിങ് മെഷീനുകൾ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കൊള്ളയടിച്ചു.പ്രക്ഷോഭത്തിനിടെയുണ്ടായ അക്രമ സംഭവങ്ങളെ ന്യായീകരിക്കാനോ വിശദീകരിക്കാനോ ക്ഷമിക്കാനോ കഴിയില്ലെന്ന് രാജ്യത്തെ അഭിസംബോധന ചെയ്‌തു സംസാരിക്കവേ മാക്രോൺ വ്യക്തമാക്കി. ന്യായമായ ആവശ്യങ്ങളുമായി തെരുവിലിറങ്ങിയവരെയും സ്ഥാപനങ്ങൾ തകർക്കുകയും കൊള്ളയടിക്കുകയും ചെയ്‌തവരെയും രണ്ടായിത്തന്നെ കാണണമെന്ന് അദ്ദേഹം പറഞ്ഞു. തീവ്ര ഇടതുവിഭാഗങ്ങളിൽ നിന്നുള്ള രാജ്യവിരുദ്ധരും അവരോടൊപ്പം ചേർന്ന കുറ്റവാളികളുമാണ് നാശനഷ്ടങ്ങൾക്ക് പിന്നിലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
നശീകരണപ്രവർത്തനങ്ങൾ നടത്തിയവർ അതിന് വലിയ വില നൽകേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകിയ മാക്രോൺ, കലാപകാരികളോട് സർക്കാർ വിട്ടുവീഴ്‌ച കാണിക്കില്ലെന്നും പറഞ്ഞു. പ്രക്ഷോഭകർക്കെതിരായ പോലീസ് നടപടികളിൽ പൂർണ സുതാര്യത ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘ഈ ദൃശ്യങ്ങൾ കാണുമ്പോൾ എല്ലാവരും ചിന്തിക്കുന്നത് ഇവർക്കെന്താണ് സംഭവിച്ചതെന്നാണ്? ഫ്രഞ്ച് ജനതയ്ക്ക് ഫ്രാൻസിനോട് എങ്ങനെ ഇത് ചെയ്യാൻ കഴിയും?’-മാക്രോൺ ചോദിച്ചു.പ്രസിഡന്റിന്റെ മുന്നറിയിപ്പിനിടയിലും ഞായറാഴ്‌ച തുടർച്ചയായ രണ്ടാം ദിവസവും പാരിസിൽ പോലീസും പ്രക്ഷോഭകരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ശനിയാഴ്‌ചത്തെ അക്രമങ്ങളിൽ കത്തിയമർന്ന കാറുകളും തകർന്ന കടകളുടെ മുൻവശങ്ങളും അവശിഷ്‌ടങ്ങളും നീക്കം ചെയ്‌തു തീരുന്നതിന് മുമ്പാണ് തലസ്ഥാനത്ത് വീണ്ടും സംഘർഷമുണ്ടായത്. സോഷ്യൽ മീഡിയ ആഹ്വാനങ്ങളെ തുടർന്ന് പാരിസിലെ പ്ലേസ് ഡി ലാ റെപ്പബ്ലിക് ചത്വരത്തിൽ അധികൃതരുടെ അനുമതിയില്ലാതെ നൂറുകണക്കിന് ആളുകൾ തടിച്ചുകൂടുകയായിരുന്നു.
സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ പ്രതിഷേധത്തിൽ രണ്ടുപേർ കൊല്ലപ്പെടുകയും നൂറുകണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരിൽ ഒരു പോലീസ് ഉദ്യോഗസ്ഥനും ഉൾപ്പെടുന്നു. നാന്റസിൽ വാഹനം ഇടിച്ചതിനെ തുടർന്ന് ഈ പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതായി ഫ്രഞ്ച് ആഭ്യന്തര മന്ത്രി ലോറൻ്റ് നുണെസ് അറിയിച്ചു. പാരിസിന് സമീപം ഹൃദയസ്‌തംഭനത്തെ തുടർന്ന് ഒരു പ്രക്ഷോഭകനും മരിച്ചു.ഇന്ധനവില വർധന, പ്രതിദിന ജീവിതച്ചെലവ്, സ്കൂകൂളുകൾ ഉൾപ്പെടെയുള്ള പൊതുസേവനങ്ങളുടെ തകർച്ച എന്നിവയിൽ പ്രതിഷേധിച്ചാണ് ഏകദേശം 5,50,000 ആളുകൾ പ്രക്ഷോഭത്തിൽ പങ്കെടുത്തത്. രാജ്യത്തുടനീളം നൂറുകണക്കിന് വ്യാപാര സ്ഥാപനങ്ങളാണ് കൊള്ളയടിക്കപ്പെട്ടത്. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി 2,000 ആളുകളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ശനിയാഴ്‌ചത്തെ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് പാരിസിൽമാത്രം അറസ്റ്റിലായ 855 പേരിൽ 550 പേരും ഇപ്പോഴും കസ്റ്റഡിയിൽ തുടരുകയാണ്.