പ്രതിപക്ഷ നേതാവിന് ഈഗോ, വി.ഡി സതീശന് ആര്‍എസ്എസുമായി അന്തര്‍ധാര’; റിയാസ്
1 min readപ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രസ്താവനയില്‍ പ്രതികരണവുമായി മന്ത്രി പി.എ മുഹമ്മദ് റിയാസ്. സ്വന്തം പാര്‍ട്ടിയില്‍ നിന്ന് അംഗീകാരം ലഭിക്കാത്തതിന്റെ ഈഗോ മറ്റുള്ളവരുടെ തലയില്‍ വച്ചിട്ട് കാര്യമില്ല. സതീശന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും, പ്രതിപക്ഷ നേതാവിന് ആര്‍എസ്എസുമായി അന്തര്‍ധാരയെന്നും റിയാസ് കുറ്റപ്പെടുത്തി. നേരത്തെ മാനേജ്‌മെന്റ് ക്വാട്ടയില്‍ മന്ത്രിയായ ആളാണ് റിയാസെന്ന് വി.ഡി സതീശൻ പരിഹസിച്ചിരുന്നു.അദ്ദേഹത്തെ കണ്ട് ഗുഡ് മോർണിംഗ് പറഞ്ഞ് വൈകുന്നേരം ഗുഡ് ഈവനിംഗ് പറഞ്ഞാല്‍ മാത്രമേ മന്ത്രിപ്പണി എടുക്കാന്‍ പറ്റു എന്നൊരു തോന്നല്‍ അദ്ദേഹത്തിനുണ്ട്. മന്ത്രിമാരെ തുടര്‍ച്ചയായി ആക്ഷേപിക്കുന്നു. ആരോഗ്യമന്ത്രിയേയും വിദ്യാഭ്യാസമന്ത്രിയേയും കായിക മന്ത്രിയേയും അപമാനിച്ചു. അങ്ങനെ തോന്നല്‍ ഉണ്ടെങ്കില്‍ പ്രതിപക്ഷ നേതാവിന്റെ ഓഫീസിലെ അലമാരയില്‍ പൂട്ടി വയ്ക്കുന്നതാണ് നല്ലത്. തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിക്ക് എതിരെ ആരോപണം വന്നാല്‍ മിണ്ടാതിരിക്കുന്ന സ്വതന്ത്ര പദവിയല്ല മന്ത്രി പദവിയെന്നും റിയാസ് പറഞ്ഞു.സഭയിലെ പ്രതിപക്ഷ ബഹളം കൃത്യമായ അജണ്ടയുടെ ഭാഗമായാണ്. നിയമസഭയില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാതിരിക്കാനുള്ള നീക്കമാണ് നടത്തുന്നത്. കേന്ദ്രം ഭരിക്കുന്ന ബിജെപിയുമായും അവരെ നിയന്ത്രിക്കുന്ന ആര്‍എസ്എസുമായും പ്രതിപക്ഷ നേതാവിന് ഒരു അന്തര്‍ ധാരയുണ്ട്. കേന്ദ്ര ബജറ്റ് വന്നു. കേരളത്തിനോട് കടുത്ത അവഗണനയുണ്ടായി. നിയമസഭയില്‍ പ്രതിപക്ഷ നേതാവ് മിണ്ടിയില്ല, കോണ്‍ഗ്രസ് എംഎല്‍എമാരെ മിണ്ടാനും സമ്മതിച്ചില്ല. പാചകവാതക വില വര്‍ധനവിലും പ്രതിപക്ഷ നേതാവ് മിണ്ടിയിലെന്നും റിയാസ് കുറ്റപ്പെടുത്തി.