മാധ്യമ പ്രവർത്തനം മാധ്യമ ഗുണ്ടായിസമായി; ഗോവിന്ദചാമിയെ ലൈനിൽ കിട്ടിയ തരത്തിലാണ് അവർ സംസാരിച്ചത്’; ചാനൽ അവതാരകക്കെതിരെ കടുത്ത വിമർശനവുമായി സന്തോഷ് ഏച്ചിക്കാനം

സംസ്ഥാന ചലച്ചിത്ര അവാർഡുമായി ബന്ധപ്പെട്ട് കുട്ടികളുടെ സിനിമകൾക്ക് പുരസ്കാരം നിഷേധിച്ചതിനെക്കുറിച്ചുള്ള വിവാദത്തിൽ, ജൂറി അംഗവും എഴുത്തുകാരനുമായ സന്തോഷ് ഏച്ചിക്കാനം തന്റെ നിലപാട് വ്യക്തമാക്കി രംഗത്ത്. ചാനൽ അവതാരകക്കെതിരെ കടുത്ത വിമർശനമാണ് അദ്ദേഹം സോഷ്യൽ മീഡിയ വഴി ഉന്നയിച്ചിരിക്കുന്നത്. തനിക്കെതിരെ നടന്നത് മാധ്യമ പ്രവർത്തനമല്ല, “മാധ്യമ ഗുണ്ടായിസമാണ്” എന്നും അദ്ദേഹം ആരോപിച്ചു.
ഈ വർഷത്തെ ചലച്ചിത്ര അവാർഡിൽ കുട്ടികൾക്കുള്ള സിനിമകൾ അവാർഡിന് പരിഗണിച്ചില്ല എന്ന വിഷയവുമായി ബന്ധപ്പെട്ടാണ് ചാനൽ അവതാരക തന്നെ വിളിച്ചതെന്നും മുൻകൂട്ടി അറിയിപ്പൊന്നും ഇല്ലാതെ, തത്സമയ വാർത്തകൾക്കിടയിലാണ് വിളിവന്നത് എന്നും അദ്ദേഹം പറയുന്നു. എന്തുകൊണ്ടാണ് കുട്ടികളുടെ സിനിമകൾക്ക് അവാർഡ് നൽകാതിരുന്നത് എന്ന ചോദ്യത്തിന് താൻ കൃത്യമായ മറുപടി നൽകിയിട്ടും, വാർത്താ അവതാരകയുടെ ലക്ഷ്യം തന്നിൽനിന്ന് വിവാദപരാമർശമുണ്ടാക്കുകയെന്നതായിരുന്നു. കുട്ടികളുടെ സിനിമകൾക്ക് അവാർഡ് നിഷേധിച്ച്, കുട്ടികൾക്കുള്ള സിനിമകളും അവരുടെ സിനിമാ സ്വപ്നങ്ങളും തകർക്കുന്ന ഭീകരനായി തന്നെ ചിത്രീകരിക്കുകയായിരുന്നു അവതാരകയുടെ ലക്ഷ്യം.
പ്രതിപക്ഷ ബഹുമാനമില്ലാത്ത ഭാഷയിൽ, ഗോവിന്ദചാമിയെ ലൈനിൽ കിട്ടിയ തരത്തിൽ വളരെ അപഹാസ്യമായ സ്വരത്തിലാണ് അവതാരക സംസാരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. കുട്ടികളുടെ സിനിമയുടെ കാര്യത്തിൽ താൻ ഒറ്റക്ക് എടുത്ത തീരുമാനമാണ് ഇതെന്ന വിധം ആക്ഷേപ സ്വരത്തിൽ തട്ടിക്കേറുകയായിരുന്നു അവർ. ഇങ്ങോട്ടു വിളിച്ച ശേഷം അപമാനിക്കുന്ന രീതിയാണ് ചാനലിന്റെ ഭാഗത്തുനിന്നുണ്ടായത് എന്നും അദ്ദേഹം പോസ്റ്റിൽ പറയുന്നു.

