മീനങ്ങാടി സ്കൂള്‍ വിനോദയാത്ര വിവാദം; പ്രിൻസിപ്പലും പിടിഎ പ്രസിഡന്റും ബാറിൽ കയറുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് യുഡിഎഫ്.

കല്‍പ്പറ്റ: മീനങ്ങാടി ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിനോദയാത്ര വിവാദത്തിൽ പുതിയ വഴിതിരിവ് .വിനോദയാത്രക്കിടെ പ്രിന്‍സിപ്പലും പിടിഎ പ്രസിഡന്റും ഹൈദരാബാദിലെ ബാറില്‍ കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ബില്ലുകളും മീനങ്ങാടി യുഡിഎഫ് നേതൃത്വം പുറത്തുവിട്ടു. ഹൈദരാബാദ് നമ്പള്ളിയിലെ ബാറിലേക്ക് ഇരുവരും കയറി പോകുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ഈ തെളിവുകൾ ചൂണ്ടിക്കാട്ടി യുഡിഎഫ് നേതാക്കൾ ജില്ലാ പൊലീസ് മേധാവിക്ക് ഔദ്യോഗികമായി പരാതി നൽകി.
ബാറില്‍ പൈസ നല്‍കിയതിന്റെ യഥാർത്ഥ ബില്ല് സഹിതമാണ് യുഡിഎഫ് പോലീസിന് പരാതി നൽകിയിരിക്കുന്നത്. അധ്യാപകരുടെ ഭാഗത്തുനിന്ന് ഇത്തരത്തിലുള്ള ഗുരുതര പിഴവ് ഒരിക്കലും മാപ്പ് അര്‍ഹിക്കുന്ന തെറ്റല്ലെന്നും, കുറ്റക്കാരനായ അധ്യാപകന്റെ അനുകൂല പ്രതികരണങ്ങളെ ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കാനാകില്ലെന്നും യുഡിഎഫ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. കഴിഞ്ഞ മാസം 26-നും 27-നും ഇവർ മദ്യം വാങ്ങിയതിന് കൃത്യമായ തെളിവുകളുണ്ടെന്നും, വാങ്ങിയത് ഭക്ഷണമല്ല മദ്യം തന്നെയാണെന്നും യുഡിഎഫ് ആരോപിച്ചു.
അതേസമയം, വിനോദയാത്രയ്ക്കിടെ കുട്ടികൾ അതിക്രൂരമായ മാനസിക വിചാരണയ്ക്കാണ് വിധേയരായതെന്നും നേതാക്കൾ ആരോപിച്ചു. തങ്ങളുടെ നിരപരാധിത്വവും സത്യവും കുട്ടികൾ തുറന്നുപറയണം. പ്രിൻസിപ്പൽ വിദ്യാർത്ഥികളെ സ്വാധീനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതുകൊണ്ടാണ് പിന്നീട് കുട്ടികൾ മൊഴി മാറ്റിയതെന്നും യുഡിഎഫ് നേതൃത്വം ആരോപിച്ചു. ഈ ഗുരുതര വിഷയത്തിൽ ബാലാവകാശ കമ്മീഷനും പരാതി നല്‍കുമെന്നും, ഈ സമരത്തിന് പിന്നില്‍ ചില അധ്യാപകരുടെ പങ്കുണ്ടെന്ന ആരോപണവും നേതൃത്വം ഉന്നയിച്ചു

