ഒറിജിലിനെ വെല്ലുന്ന ഗാന മാധുരി; കലോത്സവ നഗരിയിൽ കൈയ്യടി നേടി പോലീസുദ്യോഗസ്ഥൻ

പയ്യന്നൂർ: കൗമാര കലകളുടെ വസന്തം പെയ്തിറങ്ങുന്ന കലോത്സവ നഗരിയിൽ പോലീസ് ഉദ്യോഗസ്ഥന്റെ ഗാനാലാപനം വേറിട്ട കാഴ്ചയൊരുക്കി. പയ്യന്നൂർ ഉപജില്ല സ്കൂൾ കലോത്സവം നടക്കുന്ന പയ്യന്നൂർ സെൻറ് മേരീസ് ഹൈസ്കൂൾ നഗരിയിലാണ് ഡ്യൂട്ടിക്ക് എത്തിയ പഴയങ്ങാടി പോലീസ് സ്റ്റേഷനിലെ എഎസ് ഐ സുരേഷ് ബാബു തൻ്റെ ശബ്ദ മാധുര്യത്താൽ ആളുകളെ ആകർഷിച്ചത്. കലോത്സവ പരിപാടിയുടെ ഇടവേളകളിലാണ് പോലീസുകാർക്കായി പ്രത്യേകം തയ്യാറാക്കിയ പവലിയനിൽ നിന്നും പാട്ടിൻ്റെ പാലാഴി ഒഴുകിയെത്തിയത്. ഒറിജിലിനെ വെല്ലുന്ന തരത്തിൽ ആയിരുന്നു പോലീസുദ്യോഗസ്ഥനായ സുരേഷ് ബാബുവിൻ്റെ പാട്ടുകൾ. “യവനിക ” എന്ന മലയാള ചലച്ചിത്രത്തിലെ ഒഎൻവി കുറുപ്പ് രചിച്ച്എം ബി ശ്രീനിവാസൻ സംഗീതം നൽകി ഗാന ഗന്ധർവ്വൻ കെ.ജെ. യേശുദാസ് പാടിയ പ്രശസ്തമായ “ചെമ്പക പുഷ്പ സുവാസിത യാമം” എന്ന ഗാനം സുരേഷ് ബാബു ആലപിച്ചപ്പോൾ കേട്ട് നിന്നആസ്വാദകർക്ക് അതൊരു കുളിർമഴയായി മാറി. പിന്തുണയുമായി പയ്യന്നൂർ പോലീസ് സ്റ്റേഷനിലെ എസ് ഐ കെ.പി.രമേശനും താളം പിടിച്ച്കൂടെയുണ്ടായിരുന്നു. പോലീസ് യൂണിഫോമിൽ പാട്ടുപാടി സോഷ്യൽ മീഡിയയെ ഒന്നടങ്കം ഞെട്ടിച്ച പ്രതിഭയാണ് എഎസ് ഐ സുരേഷ് ബാബു. ഡ്യൂട്ടിക്കിടയിലെ ഇടവേളകളിൽ ഗാനങ്ങൾ മനോഹരമായി പാടിയ സുരേഷ് ബാബുവിന്റെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ആളുകൾ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. മലയാളം വിനോദചാനലായ ഫ്ളവേഴ്സ് ടിവിയിലൂടെ ജനപ്രീതിയും പ്രശസ്തിയും നേടിയ കലാകാരൻ കൂടിയായ ഈ പോലീസുദ്യോഗസ്ഥൻ ,ഏഴിലോട് പുറച്ചേരി സ്വദേശിയാണ്.

