November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 5, 2026

ചാര്‍ട്ടേഡ് വിമാന യാത്രാ വിവാദം; മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ലോകായുക്ത നോട്ടീസ്.

SHARE

മുഖ്യമന്ത്രിയുടെ സൗജന്യ വിമാനയാത്ര വിവാദത്തില്‍ മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ലോകായുക്തയുടെ നോട്ടീസ്. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കെ എം ഷാജഹാന്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. കേസില്‍ സര്‍ക്കാരിനെ കക്ഷി ചേര്‍ക്കണമെന്ന് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു. ലോകായുക്ത ജസ്റ്റിസ് എന്‍ അനില്‍കുമാറിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. വിമാനയാത്ര അഴിമതിയാണെന്ന് ആരോപിച്ചാണ് ഹര്‍ജി. 2027 ജനുവരി 12നാണ് ഇനി ഹര്‍ജി പരിഗണിക്കുക.മലപ്പുറത്തേക്ക് പോകാന്‍ വേണ്ടിയായിരുന്നു മുഖ്യമന്ത്രി വി ഡി സതീശന്‍ ചാര്‍ട്ടേഡ് വിമാന സൗകര്യം തേടുന്നത്. വിമാനം സ്‌പോണ്‍സര്‍ ചെയ്തതാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ നല്‍കിയിരുന്ന വിവരം. പല തവണ ആ സ്‌പോണ്‍സര്‍ ആരാണെന്ന് മുഖ്യമന്ത്രിയോട് ചോദിച്ചിരുന്നെങ്കിലും അദ്ദേഹം അത് വെളിപ്പെടുത്താന്‍ തയ്യാറായിരുന്നില്ല. വലിയ വിവാദമായിരുന്നു അതിന് പിന്നാലെ ഉണ്ടായിരുന്നത്. പിന്നാലെ വിമാനത്തിന്റെ തുക അടച്ചത് ചിപ്‌സണ്‍ ഏവിയേഷന്‍സ് ആണെന്ന വിവരം പുറത്ത് വരുന്നത് . ചിപ്‌സണ്‍ ഏവിയേഷന് മറ്റാരെങ്കിലും പണം നല്‍കിയോ എന്നതടക്കമുള്ള സംശയങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും അതില്‍ ഒന്നും തന്നെ മുഖ്യമന്ത്രി മറുപടി പറയാന്‍ തയ്യാറായിരുന്നില്ല.അതിനിടെയാണ് കെ എം ഷാജഹാന്‍ ഒരു ഹര്‍ജിയുമായി ലോകായുക്തയെ സമീപിച്ചത്. സ്‌പോണ്‍സര്‍ഷിപ്പ് അഴിമതിയായി കാണണമെന്നും തുടര്‍നടപടി സ്വീകരിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. എന്നാല്‍ സര്‍ക്കാരിന്റ ആവശ്യത്തിന് വേണ്ടിയാണ് മുഖ്യമന്ത്രി സഞ്ചരിച്ചതെന്നും വിമാനം സ്‌പോണ്‍സര്‍ ചെയ്തത് ആരാണെന്ന് വെളിപ്പെടുത്തേണ്ടതില്ല എന്നുമാണ് ഹര്‍ജിയില്‍ സര്‍ക്കാരിന് വേണ്ടി ടി അസഫലി വാദിച്ചിരുന്നത്. കെ എം ഷാജഹാന്റെ ഹര്‍ജി തള്ളണമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാതെയാണ് ലോകായുക്ത ഹര്‍ജിയില്‍ തുടര്‍ നടപടി സ്വീകരിച്ചത്. സ്വാഭാവികമായും അന്വേഷണത്തിലേക്ക് കടക്കുമ്പോള്‍ ആരാണ് സ്‌പോണ്‍സര്‍ എന്ന കാര്യം മുഖ്യമന്ത്രി വെളിപ്പെടുത്തേണ്ടി വരും എന്നതാണ് നിഗമനം. ചാര്‍ട്ടേഡ് വിമാന യാത്രാ വിവാദം കോണ്‍ഗ്രസിലും കലഹത്തിന് കാരണമായിരുന്നു. യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് അടക്കം മുഖ്യമന്ത്രിക്കെതിരെ പരസ്യമായി രംഗത്ത് വന്നിരുന്നത്. മറ്റ് കോണ്‍ഗ്രസ് നേതാക്കളും സമാന വിമര്‍ശനം ഉയര്‍ത്തിയിരുന്നു.