തൽക്കാലം എംഎൽഎ ഓഫീസ് തുറക്കില്ല, ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ ഓഫീസ് വേണമെന്നില്ല; ചാണ്ടി ഉമ്മൻ
1 min readപുതുപ്പള്ളിയിൽ തൽക്കാലം എംഎൽഎ ഓഫീസ് തുറക്കില്ലെന്ന് ചാണ്ടി ഉമ്മൻ.ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ എംഎൽഎ ഓഫീസ് വേണമെന്നില്ല. അത് ഉമ്മൻചാണ്ടി തെളിയിച്ചിട്ടുള്ളതാണ്. ആ ശൈലി തുടരാനാണ് തൽക്കാലം തീരുമാനമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.ആരോഗ്യസ്ഥിതിയെയും ചികിത്സയെയും കുറിച്ച് ഉമ്മൻചാണ്ടി ഡയറിയിൽ എഴുതിയിരുന്നുവെന്നും ആവശ്യമെങ്കിൽ ഡയറികുറിപ്പ് പുറത്തു വിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതേസമയം വലിയ ഭൂരിപക്ഷത്തോടെ വിജയിപ്പിച്ച പുതുപ്പള്ളിക്ക് നന്ദി പറയാൻ മണ്ഡലത്തിലൂടെ ചാണ്ടി ഉമ്മൻ പദയാത്രനടത്തുകയാണ്. വാകത്താനത്തുനിന്നുമാണ് പദയാത്ര തുടങ്ങിയത്. മണ്ഡലത്തിൽ 26 കിലോമീറ്ററോളം നടന്ന് ആളുകളെ നേരിട്ട് കണ്ട് നന്ദി പറയുകയാണ് ലക്ഷ്യം. അകലക്കുന്നം ചെങ്ങളത്തായിരിക്കും പദയാത്ര അവസാനിക്കുന്നത്. ഉച്ചവരെ നാല് പഞ്ചായത്തുകൾ നടന്നു തീർക്കാനാണ് ഉദ്ദേശിക്കുന്നത്. മഴയെ അവഗണിച്ചുകൊണ്ടാണ് അതിവേഗം പദയാത്ര നടത്തുന്നത്.റെക്കോഡ് ഭൂരിപക്ഷം തനിക്ക് വലിയ ഉത്തരവാദിത്തമാണ് നൽകിയിരിക്കുന്നതെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.
ഉമ്മൻ ചാണ്ടി സ്ഥാപിച്ച നാഴികക്കല്ലുകൾ മറികടക്കാൻ ആർക്കും സാധിക്കില്ല. എന്നാൽ അതിലേക്കെത്താനാണു താൻ ശ്രമിക്കുന്നത്. വോട്ടുചെയ്തവരുടെയും വോട്ടുചെയ്യാത്തവരുടെയും പിന്തുണ ആവശ്യമാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.