June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 3, 2026

എപ്സ്റ്റീൻ ഫയൽസിലെ മോദിയുടെ പേര്; പാർലമെന്‍റിൽ ഉന്നയിക്കാൻ പ്രതിപക്ഷം, ബന്ധം വിശദീകരിക്കണമെന്ന് ആവശ്യപ്പെടും

SHARE

ന്യൂഡൽഹി: അന്തരിച്ച ലൈംഗിക കുറ്റവാളിയും ശതകോടീശ്വരനുമായ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് പുറത്തുവന്ന പുതിയ ഫയലുകളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് ഉൾപ്പെട്ട സംഭവം പാർലമെന്റിൽ അവതരിപ്പിക്കാൻ പ്രതിപക്ഷം. വിഷയം പാർലമെന്റിൽ സജീവ ചർച്ചയാക്കാനാണ് കോൺഗ്രസിന്റെ നീക്കം. എപ്സ്റ്റീനുമായുള്ള പ്രധാനമന്ത്രിയുടെ ബന്ധം വിശദീകരിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടും. കുപ്രസിദ്ധ കുറ്റവാളിയായ എപ്സ്റ്റീനുമായി മോദിക്കുള്ള ബന്ധമെന്താണെന്നും മെയിലിൽ പരാമർശിക്കുന്നതുപോലെ എന്ത് ഉപദേശമാണ് അദ്ദേഹത്തിൽ നിന്ന് പ്രധാനമന്ത്രി സ്വീകരിച്ചതെന്നും പ്രതിപക്ഷം പാർലമെന്റിൽ ഉന്നയിക്കും.

എപ്സ്റ്റീനുമായി ബന്ധപ്പെട്ട് യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട ഫയലുകളിലാണ് മോദിയുടെ പേര് പരാമർശിക്കുന്നത്. എപ്സ്റ്റീൻ അദ്ദേഹത്തിന്റെ ഒരു ഇ മെയിലിൽ മോദിയുടെ പേര് പറയുന്നുണ്ട്. തന്റെ ഉപദേശം സ്വീകരിച്ച്, മോദി അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിനുവേണ്ടി 2017ൽ ഇസ്രയേൽ സന്ദർശിച്ചുവെന്നും അത് ഗുണം ചെയ്തുവെന്നുമാണ് എപ്സ്റ്റീന്റേതായി പുറത്തുവന്ന മെയിലിൽ പറയുന്നത്. എന്നാൽ സന്ദർശനത്തിന്റെ പിന്നിലെ കാര്യങ്ങളോ എന്ത് ഗുണം ലഭിച്ചുവെന്നത് സംബന്ധിച്ചോ മെയിലിൽ പരാമർശമില്ല.

 

എപ്സ്റ്റീൻ ഫയലുകളിൽ മോദിയുടെ പേര് പരാമർശിച്ചത് രാജ്യത്തിന് നാണക്കേടാണെന്നും കുപ്രസിദ്ധ ലൈംഗിക കുറ്റവാളിയായ എപ്സ്റ്റീന്റെ ഉപദേശം മോദി എന്തിനാണ് സ്വീകരിച്ചതെന്നും ഇതിലൂടെ എന്ത് പ്രയോജനമാണ് ഉണ്ടായതെന്ന് വിശദീകരിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. ‘ദേശീയ അപമാനം’ എന്നാണ് സംഭവത്തെ കോൺഗ്രസ് നേതാവ് പവൻ ഖേര വിമർശിച്ചത്. മെയിലിൽ എപ്സ്റ്റീൻ പരാമർശിക്കുന്ന ‘ഇറ്റ് വർക്ക്ഡ്’ എന്ന പ്രയോഗം അർത്ഥമാക്കുന്നത് എന്താണെന്നും അത് മോദി വ്യക്തമാക്കണമെന്നും പവൻ ഖേര പറഞ്ഞിരുന്നു.എന്നാൽ എപ്സ്റ്റീൻ ഫയലുകളിൽ പ്രധാനമന്ത്രിയുടെ പേരുണ്ടെന്ന റിപ്പോർട്ടുകൾ വിദേശകാര്യ മന്ത്രാലയം തള്ളുകയാണുണ്ടായത്. 2017 ജൂലൈയിൽ പ്രധാനമന്ത്രി ഇസ്രയേൽ സന്ദർശിച്ചിരുന്നു എന്നതൊഴിച്ചാൽ ഫയലുകളിലെ മറ്റ് സൂചനകളെല്ലാം ഒരു കുറ്റവാളിയുടെ ജൽപനമാണെന്നും അത്യന്തം അവജ്ഞതയോടെ അത് തള്ളിക്കളയുന്നുവെന്നുമായിരുന്നു വിദേശകാര്യമന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാളിന്റെ പ്രതികരണം. പ്രധാനമന്ത്രിയെ കോൺഗ്രസ് അധിക്ഷേപിക്കുകയാണെന്നാണ് ബിജെപിയുടെ പ്രതികരണം.