“മുന്ന” എന്ന ചലച്ചിത്രം വെള്ളിത്തിരയിലേക്ക്
1 min readപയ്യന്നൂർ കൊഴുമ്മലിലും കണ്ണൂർ പരിസര പ്രദേശങ്ങളിലും വെച്ച് ഷൂട്ട് ചെയ്ത “മുന്ന” എന്ന ചലച്ചിത്രം വെള്ളിത്തിരയിലേക്ക്. 1960 – 1990 കാലഘട്ടം അഭ്രപാളികളിൽ പുനർജ്ജനിക്കുന്ന നിരവധി സിനിമ പ്രവർത്തകർ അണിനിരക്കുന്ന ചിത്രമാണ് മുന്ന. ചരിത്രമുറങ്ങുന്ന കരിവള്ളൂരിന്റെ മണ്ണ്, ഭരതനെന്ന നാട്ടുകാരന്റെ ചായ പീടികയും, വായനശാലയും, ചുരുക്കം ചില പീടികകളും മാത്രമുണ്ടായിരുന്ന കണ്ണൂർ ജില്ലയിലെ കൊഴുമ്മൽ ഗ്രാമത്തിന്റെ ദൃശ്യ മനോഹരമായ പശ്ചാത്തലത്തിലാണ് സുരേന്ദ്രൻ കല്ലൂർ മുന്നയെ വാർത്തെടുത്തത്. ചന്ദ്രോത്ത് വീട്ടിൽ ഫിലിംസിന്റെ ബാനറിൽ ദേവൻ നിർമ്മിച്ച മുന്ന നവാഗതനായ സുരേന്ദ്രൻ കല്ലൂരാണ് തിരക്കഥ എഴുതി സംവിധാനം നിർവഹിച്ചിരിക്കുന്നത്. നാടക സംവിധാന രംഗത്ത് തന്റേതായ ഇരിപ്പിടം ഒരുക്കിയ സുരേന്ദ്രൻ കല്ലൂരിന്റെ ചലച്ചിത്രമേഖലയിലെ വ്യക്തതയുള്ള ചുവടുവെയ്പ്പാണ് ഈ ചിത്രം.
പ്രശാന്ത് പ്രണവം ക്യാമറയും, ശ്രീകുമാർ നായർ എഡിറ്റിങ്ങും ചീഫ് അസോസിയേറ്റ് ജയന്ദ്ര ശർമ്മ, പ്രൊഡക്ഷൻ കൺട്രോളർ അമ്പിളി കോട്ടയം, കലാസംവിധാനം ഉണ്ണി കുറ്റിപ്പുറം എന്നിവർ നിർവഹിച്ചിരിക്കുന്നു. ഈ ചിത്രം വേൾഡ് വൈഡ് വിതരണം ചെയ്യുന്നത് സൻഹ ആർട്ട്സ് ആണ്. സുരേന്ദ്രൻ കല്ലൂർ, രമേഷ് പുല്ലാപ്പള്ളി, ജയശ്രീ ഗോപിനാഥ് എന്നിവരുടെ വരികൾക്ക് ഈണം പകർന്നത് സിബു സുകുമാരനാണ്. വിനീത് ശ്രീനിവാസൻ, ഹരിചരൺ, മൃദുല വാര്യർ, വിജേഷ് ഗോപാൽ രഞ്ചിത്ത് ശ്രീധർ എന്നിവരാണ് ഗായകർ. വസ്ത്രാലങ്കാരം – ഹർഷാ സഹദ്, മേക്കപ്പ് – റഷീദ്അഹമ്മദ്, പി ആർ ഒ – ബിജു വൈശ്യൻ, പ്രോജക്ട് ഡിസൈനർ രാജീവ് മാനന്തവാടി, കിരൺ കൃഷ്ണ. മുന്ന എന്ന ടൈറ്റിൽ കഥാപാത്രമാകുമ്പോൾ പുതുമുഖ താരം മിൽനറ്റി ആൻറണി ആയിഷയെന്ന നായിക കഥാപാത്രമായും വെള്ളിത്തിരയിലെത്തുന്നു.
ഉപ്പൂപ്പ എന്ന കരുത്തുറ്റ കഥാപാത്രത്തെ ജഗദീഷ് മനോഹരമായി പകർന്നാടി. ഇന്ദ്രൻസ്, ഹരീഷ് പേരടി, മാമുക്കോയ, സുശീൽ കുമാർ തിരുവങ്ങാട്, ടെല്ലസ്, കിരൺ, ജയകുമാർ, രാജേന്ദ്രൻ തായാട്ട്, ശിവദാസ് മട്ടന്നൂർ, എം കെ സോമൻ ബാംഗ്ലൂർ, സുർജിത് പുരോഹിത്, ബാബു വള്ളിത്തോട്, ചാപ്ലിൻ ശശി, ഉപേന്ദ്രൻ നവരസ, സ്നേജിൻ ടുട്ടു, രാഗേഷ് കലാഭവൻ, പ്രമോദ് പരമു, പ്രകാശ് ചെങ്ങൽ, ശശികുമാർ പട്ടാനൂർ, മുരളി വായാട്ട്, അനന്തു രമേശ്, ബാലമുരളി, പ്രഭു, സുൽഫിക്കർ ഷാൻ, ഷാജി കോട്ടായി സിനി എബ്രഹാം, അർച്ചന, ഇഷിത ദേവൻ, ആനന്ദ ജ്യോതി, ശ്രേയാനി ജോസഫ് തുടങ്ങിയവർക്കൊപ്പം പുതുമുഖ താരങ്ങൾ ഉൾപ്പെടെ വലിയൊരു താരനിര മുന്നയെ സമ്പന്നമാക്കുന്നു. ആഗസ്റ്റ് 10ന് കേരളത്തിലെ തീയറ്ററുകളിൽ മുന്ന പ്രദർശനത്തിനെത്തും.
റിപ്പോർട്ട്: വിജേഷ് കുട്ടിപ്പറമ്പിൽ