ഉത്സവ പറമ്പിൽ താരമായി പൂവൻകോഴി: തൂക്കം 4 കിലോ… വില 34000….
1 min readഇരിട്ടി: ഉത്സവ പറമ്പിൽ കോഴി ലേലം വീറും വാശിയും നിറഞ്ഞ് കത്തിക്കയറിപൂവൻകോഴിക്ക് വില 34000 രൂപ.
കഷ്ടി 4 കിലോ തൂക്കമുള്ള പൂവൻകോഴിയാണ് ലേലത്തിൽ താരമായത്.
ഉത്സവ പറമ്പിൽ നാടൻ പൂവൻകോഴിക്ക് ഭാഗ്യം തെളിഞ്ഞപ്പോൾ ഉത്സവ കമ്മിറ്റിക്ക് ലഭിച്ചത് അര ലക്ഷത്തിനടുത്ത് രൂപ.
ഇരിട്ടിക്കടുത്ത് പെരുമ്പറമ്പ് പുതിയ ഭഗവതി ക്ഷേത്ര തിറയോടനുബന്ധിച്ച് നടത്തിയ ലേലത്തിലാണ് 4 കിലോയോളം തൂക്കം വരുന്ന പൂവൻകോഴിക്ക് 34000 രൂപ വിലയുണ്ടായത്.
പത്തു രൂപയ്ക്കാണ് ആഘോഷ കമ്മിറ്റി കോഴിയെ ലേലം വിളിക്കാൻ തുടങ്ങിയത്.
ലേലത്തിൽ പങ്കെടുത്തവർ തമ്മിൽ വീറും വാശിയും നിറഞ്ഞ് കണ്ടു നിന്നവരേയും പങ്കെടുത്തവരേയും ആവേശം കൊള്ളിച്ച് ലേലം കത്തി ക്കയറിയപ്പോഴാണ് ആയിരവും പതിനായിരവും കടന്ന് തുക ഇരട്ടിയായി കുതിച്ചു യുയർന്നത് .
ലേലം കത്തി ക്കയറിയപ്പോൾ ഒരു കോഴിക്ക് ഇത്രയും വലിയ തുക കടക്കുമെന്ന് ആരും കരുതിയില്ല.
എന്നിട്ടും അണുവിട വിട്ടുകൊടുക്കാൻ ലേലത്തിൽ അരയും തലയും മുറുക്കി രംഗത്തിറങ്ങിയവരും തയ്യാറായില്ല.
വില ഇരുപതിനായിരം കടന്നതോടെ പിന്നീടുള്ള ഒരോ വിളിക്കും സംഘാടകർ 1000 രൂപ നിശ്ചയിച്ചു.
എന്നിട്ടും വിട്ടു കൊടുക്കാതെ വ്യക്തികൾ സംഘങ്ങളായി മത്സര രംഗത്തിറങ്ങി തെയ്യത്തിൻ്റെ പുറപ്പാട് ആരംഭിക്കാൻ തുടങ്ങിയതോടെ സംഘാടകർ നിശ്ചയിച്ച സമയമായതോടെ റിക്കാർഡ് തുകയായ 34000 രൂപയ്ക്ക് ടീം എളന്നർ എഫ്.ബി കൂട്ടായ്മ ലേലം ഉറപ്പിച്ച് പൂവൻകോഴിയെ സ്വന്തമാക്കി.
ഭാവനകലാകായിക കേന്ദ്രം പെരുമ്പറമ്പ്, ചേക്കൽ ബോയ്സ് പെരുവംപറമ്പ്
എന്നിവർ സംഘം ചേർന്നും ഗോപി സേഠ്, രഘു മുക്കുട്ടി, പ്രസാദ് പെരുവംപറമ്പ് എന്നിവർ വ്യക്തികളായും തുടക്കം മുതൽ ഒടുക്കം വരെ ലേലത്തിൽ സജീവമായതോടെയാണ് വില കുതിച്ചുയർന്നത്.
ആഘോഷ കമ്മിറ്റി ഭാരവാഹികളായ പി.അശോകൻ, വി.കെ.സുനീഷ്, വി.പി.മഹേഷ്, കെ.ശരത്, എം. ഷിനോജ്, എം.പ്രമോദ് എന്നിവരുടെ നേതൃത്വത്തിലാണ് രണ്ട് മണിക്കൂർ മുടങ്ങാതെ ലേലം വിളിച്ച് ഉത്സവ പറമ്പിൽ വീറും വാശിയും ഉണ്ടാക്കിയത്.
ഉയർന്ന വിലയ്ക്ക് മുൻവർഷങ്ങളിലും ലേലം നടന്നിട്ടുണ്ടെങ്കിലും 34000 രൂപ ഒരു കോഴിക്ക് ലഭിക്കുന്നത് ഇതാദ്യമായിട്ടാണെന്ന് ഉത്സവാഘോഷ കമ്മിറ്റി ഭാരവാഹികൾപറഞ്ഞു.