നിർമ്മാതാവ് സാന്ദ്ര തോമസിനെ പുറത്താക്കി പ്രൊഡ്യൂസേര്‍സ് അസോസിയേഷൻ
1 min readകൊച്ചി: നിര്‍മ്മാതാവ് സാന്ദ്ര തോമസിനെ പുറത്താക്കി മലയാള സിനിമയിലെ നിര്‍മ്മാതാക്കളുടെ സംഘടന. അച്ചടക്ക ലംഘനത്തിനാണ് നടപടിയെന്നാണ് സംഘടന പറയുന്നത്. സംഘടനയുടെ നേതൃത്വത്തിലുള്ളവര്‍ക്കെതിരെ നേരത്തെ സാന്ദ്രാ തോമസ് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. സാന്ദ്രാ തോമസിന്‍റെ പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പ്രൊഡ്യൂസേര്‍സ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. നേരത്തെ മലയാള സിനിമയിലെ നിർമാതാക്കളുടെ സംഘടനയ്ക്കെതിരെ എസ്ഐടിക്ക് സാന്ദ്ര പരാതി നൽകിയിരുന്നു. സാന്ദ്രയുടെ പരാതിയിൽ പോലീസ് കേസ് എടുത്തിരുന്നു. എറണാകുളം സെൻട്രൽ പോലീസാണ് എഫ്ഐആർ എടുത്തത്. ഇതിന് പിന്നാലെയാണ് പുറത്താക്കല്‍. നേരത്തെ പരാതി നല്‍കിയതിന് പിന്നാലെ സാന്ദ്ര തോമസ് പ്രതികരിച്ചിരുന്നു. സിനിമയില്‍ പവര്‍ ഗ്രൂപ്പുണ്ടെന്ന് വ്യക്തമായതായി സാന്ദ്ര പറഞ്ഞു. ആ ഗ്രൂപ്പില്‍ സ്ത്രീകള്‍ ഇല്ല. തൻറെ പരാതിക്ക് കാരണം ലൈംഗിക ചുവയോടെ സംസാരിച്ചതാണ്. സിനിമയുടെ വിതരണവുമായി ബന്ധപ്പെട്ട യോഗത്തിലേക്ക് വിളിച്ചുവരുത്തി അപമാനിച്ചു. ഭാരവാഹികൾ ലൈംഗിക ചുവയോടെ സംസാരിച്ചു. വനിതാ നിർമാതാവായ തനിക്ക് അപമാനം നേരിട്ടുവെന്നും അതിനാലാണ് പരാതി കൊടുത്തതെന്നും സാന്ദ്ര തോമസ് വ്യക്തമാക്കി.