August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 26, 2026

റസീനയുടേത് ആത്മഹത്യയല്ല, വിചാരണ നടത്തി അപമാനിച്ച് കൊലപ്പെടുത്തിയതാണ്’; എസ്ഡിപിഐയുടെ താലിബാനിസമെന്നും സിപിഎം ജില്ലാ സെക്രട്ടറി

SHARE

കണ്ണൂർ: കായലോട് സംഭവത്തിൽ എസ് ഡി പി ഐക്കെതിരെ രൂക്ഷ വിമർശനവുമായി സി പി എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് രംഗത്ത്. കായലോട് നടന്നത് എസ് ഡി പി ഐയുടെ സദാചാര ഗുണ്ടാ വിളയാട്ടമാണെന്നാണ് കെ കെ രാഗേഷ് അഭിപ്രായപ്പെട്ടത്. യുവതിയെയും സുഹൃത്തിനെയും എസ് ഡി പി ഐക്കാർ വിചാരണ നടത്തി, അത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. യുവതിയെ അപമാനിച്ചതാണ് ആത്മഹത്യക്ക് കാരണം. റസീനയുടെ സുഹൃത്ത്‌ സി പി എം പ്രവർത്തകൻ ആണെന്ന് എസ് ഡി പി ഐ പ്രചരിപ്പിക്കുന്നു. അവരുടേത് ഗീബൽസിയൻ തന്ത്രമാണെന്നും സി പി എം ജില്ലാ സെക്രട്ടറി വിമർശിച്ചു. താലിബാൻ പതിപ്പ് നടപ്പാക്കാനുള്ള ശ്രമമാണ് എസ് ഡി പി ഐ നടത്തിയതെന്നും കെ കെ രാഗേഷ് അഭിപ്രായപ്പെട്ടു.

റസീനയുടേത് കൊലപാതകമാണെന്നും എസ് ഡി പി ഐക്കാർ അവരെ അപമാനിച്ച് കൊലപെടുത്തിയതാണെന്നും സി പി എം ജില്ലാ സെക്രട്ടറി പറഞ്ഞു. കോൺഗ്രസിനെതിരെയും കെ കെ രാഗേഷ് വിമർശനം അഴിച്ചുവിട്ടു. മതരാഷ്ട്രവാദികളെ യു ഡി എഫ് ഒപ്പം കൂട്ടിയതാണ് താലിബാൻ മോഡൽ നടപ്പാക്കാൻ കാരണം. എന്തുകൊണ്ടാണ് വിഷയത്തിൽ കോൺഗ്രസ്‌ ഇതുവരെയും പ്രതികരിക്കാത്തതെന്നും രാഗേഷ് ചോദിച്ചു. കുടുംബത്തെ ഉപയോഗിച്ച് യുവതിയെ വീണ്ടും അപമാനിക്കാൻ ശ്രമം നടക്കുകയാണെന്നും സി പി എം ജില്ലാ സെക്രട്ടറി അഭിപ്രായപ്പെട്ടു.

അതിനിടെ കായലോട് സംഭവത്തിൽ ആൾകൂട്ട ആക്രമണത്തിന് ഇരയായെന്ന് ആത്മഹത്യ ചെയ്ത യുവതിയുടെ സുഹൃത്ത് പൊലീസിന് മൊഴി നൽകി. സംസാരിച്ചിരിക്കെ കാറിൽ നിന്ന് പിടിച്ചിറക്കി ഇവർ മർദ്ദിച്ചു. ഫോട്ടോ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും മയ്യിൽ സ്വദേശിയായ യുവാവ് പൊലീസിന് മൊഴി നൽകി. സാമ്പത്തികമായി ചൂഷണം ചെയ്തെന്ന റസീനയുടെ ബന്ധുക്കളുടെ ആരോപണം റഹീസ് നിഷേധിച്ചു. ഇന്ന് രാവിലെയാണ് റഹീസ് പിണറായി പൊലീസ് സ്റ്റേഷനിൽ ഹാജരായത്. സാമ്പത്തിക ഇടപാടൊന്നും നടന്നിട്ടില്ലെന്നും റസീനയെ പരിചയപ്പെട്ടത് ഇൻസ്റ്റ​ഗ്രാം വഴിയാണെന്നും യുവാവ് വെളിപ്പെടുത്തി. യുവാവിന്റെ പരാതിയിൽ പൊലീസ് അഞ്ച് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. തലശ്ശേരി എ എസ് പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം യുവാവിന്റെ വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.