ഓടുന്ന ട്രെയിനിലും വന്യമൃഗങ്ങൾക്ക് മുന്നിലും സെൽഫി ഭ്രമം; അപക്വമായ മനോനില മാറ്റണമെന്ന് കേരള പൊലീസ്
1 min read

സെൽഫി ഭ്രമം അതിരു കടക്കരുതെന്ന് വ്യക്തമാക്കി കേരള പൊലീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. അതിരുകടക്കുന്ന സെൽഫി ഭ്രമം അപകടങ്ങളിലേക്കും മരണത്തിലേക്കും നയിക്കുന്ന സംഭവങ്ങൾ ധാരാളം ശ്രദ്ധയിൽപ്പെട്ടു വരുകയാണ്. അപകട രംഗങ്ങളിൽ ഉൾപ്പെടെ എവിടെയും സെൽഫി എടുക്കുന്ന പൊതുസ്വഭാവത്തിൽ പ്രതിഫലിക്കുന്നത് അപക്വമായ മനോനിലയാണെന്നും പൊലീസ് പറയുന്നു.ഓടുന്ന ട്രെയിനിലും അപകടകരമായ മുനമ്പുകളിലും, വന്യമൃഗങ്ങൾക്കു മുന്നിലും വെള്ളച്ചാട്ടങ്ങൾക്കു സമീപവും സെൽഫി എടുത്ത് തങ്ങളുടെ സാഹസികത പ്രകടിപ്പിക്കുവാൻ ശ്രമിക്കുന്നത് അവിവേകമാണെന്നും കേരള പൊലീസ് വ്യക്തമാക്കുന്നു. അപകടകരമായ സ്ഥലങ്ങളിൽ വെച്ച് അശ്രദ്ധമായി സെൽഫി എടുക്കാൻ ശ്രമിക്കുന്നത് മൂലമുണ്ടാകുന്ന അപകടങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് കേരള പൊലീസിന്റെ ബോധവൽക്കരണ ഫെയ്സ് ബുക്ക് പോസ്റ്റ്.
