January 2025
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
January 15, 2025

ഒന്നാം ക്ലാസിൽ കുട്ടികള്‍ കുറഞ്ഞത് പരിശോധിക്കും, വലിയ പ്രശ്നമല്ലെന്ന് മന്ത്രി

1 min read
SHARE

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ ഒന്നാം ക്ലാസിൽ കുട്ടികള്‍ കുറഞ്ഞത് പരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. അതൊരു വലിയ പ്രശ്നമായി കാണുന്നില്ലെന്നും 2 മുതൽ 10 വരെയുള്ള ക്ലാസുകളിൽ കുട്ടികള്‍ കൂടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സർക്കാർ എയിഡഡ് സ്കൂളുകളിൽ 2023-24 അക്കാദമിക വർഷത്തില്‍ 10,164 കുട്ടികള്‍ കുറഞ്ഞുവെന്നാണ് സർക്കാർ പുറത്ത് വിട്ട കണക്കുകളിൽനിന്നും വ്യക്തമാകുന്നത്. ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം കുറഞ്ഞതിനൊപ്പം സര്‍ക്കാര്‍, എയിഡഡ് സ്കൂളുകളിലെ ആകെ കുട്ടികളുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ വ‍ർഷം സ‍ർക്കാ‍ർ-എയ്ഡഡ് – അണ്‍എയ്ഡഡ് മേഖലകളിലെ കുട്ടികളുടെ എണ്ണം 38,33,399ആയിരുന്നു. ഈ വര്‍ഷം സര്‍ക്കാര്‍-എയ്ഡഡ്-അണ്‍ എയ്ഡഡ് മേഖലകളിലെ കുട്ടിളുടെ എണ്ണം  37,46,647 ആയി കുറഞ്ഞു.  ഇതില്‍ സർക്കാർ –എയ്ഡഡ് സ്കൂളുകളില്‍ മാത്രം 34,04,724 കുട്ടികളാണുള്ളത്. കഴിഞ്ഞ വ‍ർഷം പൊതുവിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയത് 2,68,313 കുട്ടികളും പത്താം ക്ലാസില്‍ പ്രവേശനം നേടിയത് 3,95,852 കുട്ടികളും ആയിരുന്നു. അതായത് പുതുതായി ഈ വ‍ർഷം 1,27,539 കുട്ടികള്‍ കൂടുതല്‍ വന്നാല്‍ മാത്രമേ മൊത്തം കുട്ടികളുടെ എണ്ണം വർദ്ധിക്കൂവെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ട കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്. ഈ വര്‍ഷം പുതിയതായി പ്രവേശനം നേടിയ ക്ലാസുകളില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ എട്ടാം ക്ലാസിലാണ് പ്രവേശനം നേടിയത്. 17,011 കുട്ടികള്‍ എട്ടാം ക്ലാസില്‍ പുതിയതായി എത്തിയപ്പോള്‍ അഞ്ചാം ക്ലാസില്‍ 15,529 കുട്ടികളാണ് പുതുതായി പ്രവേശനം നേടിയത്. കുട്ടികളുടെ ആകെ എണ്ണം ജില്ലാതലത്തില്‍ പരിഗണിച്ചാല്‍ ഏറ്റവും കൂടുതല്‍ കുട്ടികളുള്ളത് മലപ്പുറം (20.73%) ജില്ലയിലും ഏറ്റവും കുറവ് കുട്ടികള്‍ (2.21%) പത്തനംതിട്ട ജില്ലയിലുമാണ്.  ഈ അധ്യയനവര്‍ഷത്തെ ആകെ കുട്ടികളുടെ എണ്ണം, ജില്ലാതലത്തില്‍ മുന്‍വര്‍ഷത്തേതുമായി താരതമ്യം ചെയ്യുമ്പോള്‍ സര്‍ക്കാര്‍ മേഖലയില്‍ കോട്ടയം, എറണാകുളം ജില്ലകള്‍ ഒഴികെ എല്ലാ ജില്ലകളിലും കുറവ്  രേഖപ്പെടുത്തുന്നു. എന്നാല്‍ സര്‍ക്കാര്‍ എയ്ഡഡ് മേഖലയില്‍ പാലക്കാട് ഒഴികെ എല്ലാ ജില്ലകളിലും കുറവ്  രേഖപ്പെടുത്തുന്നു. ഈ അധ്യയനവര്‍ഷത്തെ ആകെ കുട്ടികളില്‍ 56% (20,96,846) പേര്‍ ദാരിദ്ര്യരേഖക്ക് മുകളിലുള്ളവരും 44% (16,49,801) പേര്‍ ദാരിദ്ര്യരേഖക്ക് താഴെയുള്ളവരുമാണ്.