December 2024
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
3031  
December 10, 2024

വിവ കേരളം കാമ്പയിന്‍ സംസ്ഥാനതല ഉദ്ഘാടനം 18ന് തലശ്ശേരിയില്‍

1 min read
SHARE

വിളര്‍ച്ച മുക്ത കേരളത്തിനായി സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആവിഷ്‌ക്കരിച്ച വിവ (വിളര്‍ച്ചയില്‍ നിന്നും വളര്‍ച്ചയിലേക്ക്) കേരളം കാമ്പയിന്‍ സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 18 വൈകീട്ട് നാലിന് തലശ്ശേരി മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആരോഗ്യ-വനിതാശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും. സ്പീക്കര്‍ അഡ്വ. എ.എന്‍ ഷംസീര്‍ മുഖ്യാതിഥി ആയിരിക്കും.
വിവ കേരളം പരിപാടിയുടെ പ്രചാരണത്തിന്റെ ഭാഗമായി സ്ത്രീകളുടെ നേതൃത്വത്തില്‍ പട്ടം പറത്തല്‍, ദീപം തെളിയിക്കല്‍, സൈക്കിള്‍ റാലി, കരാട്ടെ പ്രദര്‍ശം, നാടന്‍പാട്ട്, രക്തപരിശോധനാ ക്യാമ്പ് തുടങ്ങി വിവിധങ്ങളായ പ്രചാരണ പരിപാടികളാണ് നടത്തുന്നത്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ വനിതാശിശു വികസന വകുപ്പ്, കുടുംബശ്രീ മിഷന്‍, വിദ്യാഭ്യാസ വകുപ്പ്, ഫിഷറീസ്, തദ്ദേശഭരണ സ്ഥാപന വകുപ്പ് തുടങ്ങി അനുബന്ധ വകുപ്പുകളുടെ സഹകരണത്തില്‍ ജനപങ്കാളിത്തത്തോടെയാണ് പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നത്.
15 മുതല്‍ 59 വയസ്സ് വരെയുള്ള പെണ്‍കുട്ടികളിലും സ്ത്രീകളിലും അനീമിയ കണ്ടെത്തുകയും ആവശ്യമായവര്‍ക്ക് ചികിത്സ ഉറപ്പാക്കുകയും ചെയ്യുകയാണ് ലക്ഷ്യം. പരിശോധനയും ചികിത്സയും കൂടാതെ ശക്തമായ ബോധവത്കരണവും ലക്ഷ്യമിടുന്നു. വിദ്യാസമ്പന്നരും സാമ്പത്തികമായി മുന്നില്‍ നില്‍ക്കുന്നവരുമായ സ്ത്രീകളില്‍ പോലും അനീമിയ കാണുന്നുണ്ട്. മറഞ്ഞിരിക്കുന്ന അനീമിയ പല ഗുരുതര ശാരീരിക ബുദ്ധിമുട്ടിലേക്കും നയിക്കും.
ദേശീയ കുടുംബാരോഗ്യ സര്‍വേ അനുസരിച്ച് ഇന്ത്യയില്‍ അനീമിയയുടെ തോത് 40 ശതമാനത്തില്‍ താഴെയുള്ള ഏക സംസ്ഥാനമാണ് കേരളം. എങ്കിലും ഫലപ്രദമായ ഇടപെടലുകളിലൂടെ വിളര്‍ച്ച മുക്ത കേരളമാക്കാനാണ് ലക്ഷ്യമിടുന്നത്. രക്തക്കുറവ് പരിഹരിക്കാനായി അയണ്‍ സമ്പുഷ്ടമായ ഭക്ഷണം, അങ്കണവാടികളിലും സ്‌കൂളുകളിലും അയണ്‍ ഗുളികകള്‍ നല്‍കുക, വിരശല്യം ഒഴിവാക്കുക, ശക്തമായ ബോധവത്കരണം എന്നിവയും ലക്ഷ്യമിടുന്നു. ഇത്തരം ഇടപെടലുകളിലൂടെ വിളര്‍ച്ചയില്‍ നിന്നും മുക്തി നേടാന്‍ സാധിക്കും.

എന്താണ് അനീമിയ?
കൗമാരക്കാരായ പെണ്‍കുട്ടികളിലും സ്ത്രീകളിലും സാധാരണയായി കാണുന്ന ഒരു ആരോഗ്യപ്രശ്‌നമാണ് അനീമിയ അഥവാ വിളര്‍ച്ച. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് നിശ്ചിത അനുപാതത്തില്‍ കുറയുന്ന അവസ്ഥയാണിത്. ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും ഓക്‌സിജനെ എത്തിക്കുന്നത് ഹീമോഗ്ലോബിന്റെ സഹായത്തോടെയാണ്. ഹീമോഗ്ലോബിന്റെ അളവ് കുറയുമ്പോള്‍ രക്തത്തിന് ഓക്‌സിജനെ വഹിക്കുവാനുള്ള കഴിവ് കുറയുന്നു.

രോഗ ലക്ഷണങ്ങള്‍
ചര്‍മ്മം, കണ്‍പോളകള്‍, ചുണ്ട്, മോണ, നഖങ്ങള്‍, കൈകള്‍ എന്നിവ വിളറുക, ലഘുവോ കഠിനമോ ആയ ക്ഷീണം, ഉത്സാഹമില്ലായ്മ, തലവേദന, തലകറക്കം എന്നിവയാണ് രോഗ ലക്ഷണങ്ങള്‍.

അപകട സാധ്യതകള്‍
ഗര്‍ഭിണികളില്‍ പ്രസവ സമയത്ത് അമിതരക്തസ്രാവം, കുഞ്ഞുങ്ങളില്‍ തൂക്കക്കുറവ്, പ്രസവ സമയത്ത് അമ്മയുടെയും കുഞ്ഞിന്റെയും ജീവന് ഭീഷണി എന്നിവ അനീമിയ കൊണ്ടുണ്ടാകാം. മുതിര്‍ന്നവരില്‍ ക്രമം തെറ്റിയ ആര്‍ത്തവം, ക്ഷീണം, കിതപ്പ്, ജോലി ചെയ്യുവാന്‍ ബുദ്ധിമുട്ട് എന്നിവയും കൗമാരപ്രായക്കാരില്‍ ക്ഷീണം, തളര്‍ച്ച, തലവേദന, ക്രമം തെറ്റിയ ആര്‍ത്തവം, പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതാവുക, പഠന – പഠനേതര പ്രവര്‍ത്തനങ്ങളില്‍ പിന്നാക്കം പോവുക എന്നിവയുണ്ടാകാം. കുട്ടികളില്‍ വളര്‍ച്ച, മുരടിപ്പ്, കായികശേഷി കുറവ്, ക്ഷീണം, രോഗപ്രതിരോധ ശേഷി കുറഞ്ഞ് ഇടവിട്ട് രോഗബാധയുണ്ടാകുക എന്നിവയും ഉണ്ടാകാം. ഇവ നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതിലൂടെ ഇത്തരം സങ്കീര്‍ണതകളില്‍ നിന്നും മോചനം നേടാം.