ബംഗാളിൽ വ്യാപക സംഘർഷം; രണ്ട് തൃണമൂൽ പ്രവർത്തകരും രണ്ട് ബിജെപി പ്രവർത്തകരും കൊല്ലപ്പെട്ടു.

കൊൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ബംഗാളിൽ തൃണമൂൽ കോൺഗ്രസ്, ബിജെപി പ്രവർത്തകർ തമ്മിൽ വ്യാപക സംഘർഷം തുടരുന്നു. ബെലഘട്ടയിലും നാനൂറിലുമായി തങ്ങളുടെ രണ്ട് പ്രവർത്തകർ ബിജെപി ആക്രമണത്തിൽ കൊല്ലപ്പെട്ടതായി തൃണമൂൽ അറിയിച്ചു. നോർത്ത് 24 പർഗാനാസ് ജില്ലയിൽ തങ്ങളുടെ രണ്ട് പ്രവർത്തകർ കൊല്ലപ്പെട്ടതായി ബിജെപിയും പറഞ്ഞു.
ബിജെപിയുടെ വിജയാഹ്ലാദ പ്രകടനങ്ങൾക്കിടെ പലയിടത്തും സംഘർഷമുണ്ടായി. തൃണമൂൽ ഓഫീസുകൾക്ക് നേരെ വ്യാപക ആക്രമണമുണ്ടായി. നാനൂറിൽ അബീർ ഷെയ്ഖ് എന്ന തൃണമൂൽ പ്രവർത്തകനാണ് കൊല്ലപ്പെട്ടത്. ബിശ്വജിത്ത് പട്നായിക് ആണ് കൊല്ലപ്പെട്ട രണ്ടാമത്തെ തൃണമൂൽ പ്രവർത്തകൻ. യാദവ് ബോർ ജാദവ്, മധു മൊണ്ഡാൽ എന്നീ പ്രവർത്തകർ കൊല്ലപ്പെട്ടതായി ബിജെപി പറഞ്ഞു. ഹൗറ, ബെറാംപൂർ തുടങ്ങിയ നിരവധിയിടങ്ങളിൽ തൃണമൂൽ ഓഫിസുകൾ തകർത്തു.
ഇന്നലെ കൊൽക്കത്തയിലെ ചരിത്രപ്രസിദ്ധമായ ന്യൂ മാർക്കറ്റിൽ തൃണമൂൽ കോൺഗ്രസിൻ്റെ ന്യൂ മാർക്കറ്റ് യൂണിയൻ ഓഫീസ് ബുൾഡോസർ ഉപയോഗിച്ച് പൂർണമായും തകർത്തു. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. ബിജെപി കൊടികളേന്തിയ നൂറുകണക്കിന് പ്രവർത്തകർ സ്ഥലത്തെത്തിയിരുന്നു. ഇതിനിടെയാണ് തൃണമൂലിന്റെ തൊഴിലാളി യൂണിയന്റെ ഓഫീസ് ബുൾഡോസർ ഉപയോഗിച്ച് പൂർണമായും തകർത്തത്. സംഘർഷ സാധ്യത മുന്നിൽകണ്ട് വ്യാപാരികൾ കടകൾ അടച്ച് സ്ഥലംവിട്ടു. പിന്നീട് പൊലീസ് സ്ഥലത്തെത്തിയാണ് സാഹചര്യം നിയന്ത്രിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയാണ് ഇക്കുറി തൃണമൂൽ നേരിട്ടത്. 15 വർഷം നീണ്ട തൃണമൂൽ ഭരണത്തിന് അവസാനം കുറിച്ചാണ് ബിജെപി വൻ വിജയം നേടിയത്. 293 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി 207 സീറ്റ് നേടി ഒറ്റക്ക് കേവലഭൂരിപക്ഷം സ്വന്തമാക്കി. 80 സീറ്റിൽ ജയിക്കാൻ മാത്രമേ തൃണമൂലിന് സാധിച്ചുള്ളൂ. 2021ൽ 216 സീറ്റിൽ ജയിച്ച സ്ഥാനത്താണിത്. സ്വന്തം മണ്ഡലമായ ഭവാനിപൂരിൽ മമത തോറ്റത് പാർട്ടിക്ക് ഇരുട്ടടിയായി. മുൻ സഹപ്രവർത്തകനും ബിജെപിയുടെ പാർലമെൻ്ററി പാർട്ടി നേതാവുമായ സുവേന്ദു അധികാരിയാണ് മമതയെ തോൽപ്പിച്ചത്.

