November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 8, 2026

ലൈഫ് ഭവന പദ്ധതിക്ക് 100 കോടി രൂപ അനുവദിച്ചു: മന്ത്രി കെ എന്‍ ബാലഗോപാല്‍

SHARE

ലൈഫ് ഭവന പദ്ധതിക്ക് 100 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ഗ്രാമീണ മേഖലയിലെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയാണ് തുക അനുവദിച്ചത്. സംസ്ഥാനത്തെ മുഴുവന്‍ ഭവന രഹിതര്‍ക്ക് സുരക്ഷിത വീട് ഉറപ്പാക്കുന്ന ലൈഫ് ഭവന പദ്ധതിക്ക് ഇതുവരെ 5684 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത്. എട്ടുവര്‍ഷത്തിനുള്ളില്‍ പദ്ധതിയില്‍ 4,24,800 വീടുകള്‍ പൂര്‍ത്തിയാക്കി. 1,13,717 വീടുകളുടെ നിര്‍മ്മാണം വിവിധ ഘട്ടങ്ങളിലാണ്. 5,38,518 കുടുംബങ്ങള്‍ക്കാണ് ലൈഫ് മിഷനില്‍ വീട് ഉറപ്പാക്കുന്നത്.

അതേസമയം റെയിൽവേ മെയിൽ സർവീസ് (ആർ എം എസ്) ഓഫീസുകൾ അടച്ചു പൂട്ടാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തയച്ചു.

ആർ.എം.എസ് ഓഫീസുകളെ സ്പീഡ് പോസ്റ്റ് പ്രോസസ്സിംഗ് ഹബുകളുമായി സംയോജിപ്പിക്കാനും രജിസ്റ്റേഡ് പോസ്റ്റ് സേവനങ്ങൾ സ്പീഡ് പോസ്റ്റ് സേവനങ്ങളുമായി ഏകോപിപ്പിക്കാനും തീരുമാനിച്ചതിൻ്റെ ഭാഗമായി രാജ്യത്തെ 312 ആർ എം എസ് ഓഫിസുകളാണ് അടച്ചുപൂട്ടപ്പെടുന്നത്. അതിൽ12 ഓഫിസുകൾ കേരളത്തിലാണ്.

 

സംസ്ഥാനത്ത് വലിയ വിഭാഗം ജനങ്ങൾ ഉപയോഗിക്കുന്ന ആർ എം എസ് അടച്ചുപൂട്ടുന്നത് തപാൽ സംവിധാനങ്ങളുടെ കാര്യക്ഷമതയെ ദോഷകരമായി ബാധിക്കുമെന്ന ആശങ്ക മുഖ്യമന്ത്രി കത്തിൽ പങ്കുവച്ചു. ഡയറക്ടറേറ്റ് അംഗീകരിച്ച നാല് ഇൻട്രാ-സർകിൾ ഹബ്ബുകൾക്കു പുറമേ ഷൊർണ്ണൂർ, വടകര, ആലുവ, ഇരിങ്ങാലക്കുട, തലശ്ശേരി, കായംകുളം എന്നീ ആറു സ്ഥലങ്ങളിലും ഇൻട്രാ-സർകിൾ ഹബുകൾ സ്ഥാപിക്കണമെന്ന ശുപാർശ കേരളത്തിൽ പോസ്റ്റ് മാസ്റ്റർ ജനറൽ മുന്നോട്ടു വച്ചിരുന്നു. ഇക്കാര്യത്തിൽ അനുകൂലമായ തീരുമാനം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.