വയനാട്ടില്‍ മാത്രമല്ല ഇടുക്കിയിലും തുരങ്കപാത: കട്ടപ്പന മുതല്‍ തേനി വരെ; വന്നാല്‍ 20 കിലോമീറ്റർ ലാഭിക്കാം

വയനാടിന് പുറമെ സംസ്ഥാനത്ത് പുതിയൊരു തുരങ്കപാത കൂടി വരുന്നു. ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ കട്ടപ്പന മുതല്‍ തേനി വരേയുള്ള തുരങ്കപാത പ്രഖ്യാപിച്ചു. നിലവിലെ പാതയിലെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി തുരങ്ക പാത നിർമ്മിക്കാനാണ് സംസ്ഥാന സർക്കാർ അലോചിക്കുന്നത്. പുതിയ പാതയുടെ സാധ്യത പഠനം നടത്തുന്നതിനായിട്ടാണ് ബജറ്റില്‍ 10 കോടി രൂപ നീക്കിവെച്ചതായും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ വ്യക്തമാക്കി.
‘കട്ടപ്പന മുതൽ തേനിവരെയുള്ള മലയോര പാതയിലെ യാത്രാ ക്ലേശം പരിഹരിക്കുന്നതിനായി ഒരു തുരങ്കപാത സംബന്ധിച്ച് സാധ്യതാ പഠനം നടത്താൻ സർക്കാർ ഉദ്ദേശിക്കുന്നു. ഇത്തരം ഒരു തുരങ്കപാത വരുന്നതോടെ 20 കി.മീ യാത്രാദൂരം ലാഭിക്കാൻ കഴിയുമെന്നാണ് കണക്കാക്കുന്നത്. തുരങ്കപാതയുടെ സാധ്യതാ പഠനത്തിനായി 10 കോടി രൂപ വകയിരുത്തുന്നു.’ ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചു. കട്ടപ്പന-തേനി പാതയില്‍ തുരങ്കപാത വരികയാണെങ്കില്‍ 20 കിലോമീറ്റർ യാത്ര ലാഭിക്കാന്‍ സാധിക്കുമെന്നാണ് കണക്കാക്കുന്നത്.

