October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 8, 2026

ശബരിമല സ്വർണമോഷണ കേസ്: ഗോവർദ്ധന് ജാമ്യമില്ല

SHARE

ശബരിമല സ്വർണ മോഷണക്കേസിൽ സ്വർണ വ്യാപാരി ഗോവർദ്ധന് ജാമ്യമില്ല. ഗോവർദ്ധന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. അന്വേഷണം നടക്കുന്നതിനാൽ ഇടപെടാൻ ആകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ഹർജി തള്ളിയത്.

ശബരിമല സ്വർണ്ണക്കവർച്ചാ കേസിൽ ബെല്ലാരിയിലെ സ്വർണ വ്യാപാരിയായ ഗോവർദ്ധന്റെ ഇടപാടുകളിൽ എസ്ഐടി യുടെ അന്വേഷണം പുരോഗമിക്കുകയാണ്. ശ്രീകോവിലിന്റെ കട്ടിളപാളിയിൽ പൂശാനുള്ള സ്വർണം സ്പോൺസർ ചെയ്തത് ഗോവർദ്ധനാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ശബരിമലയിൽ നിന്നും മോഷ്ടിച്ച സ്വർണ്ണം ഗോവർദ്ധന്റെ കടയിൽ നിന്നും പ്രത്യേക അന്വേഷണസംഘം കണ്ടെത്തുകയും ചെയ്തിരുന്നു. ഗോവർദ്ധൻ ശബരിമലയിൽ എത്തിയതിന്റെ ദൃശ്യങ്ങളും നേരത്തെ  ലഭിച്ചിരുന്നു.

അതേസമയം ശബരിമല കൊടിമര പുനർനിർമാണത്തിലെ ക്രമക്കേടുകൾ അന്വേഷിക്കുന്നതിനുള്ള പ്രത്യേക വിജിലൻസ് സംഘം ഇന്ന് നിശ്ചയിക്കപ്പെടും. ഒരു എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമായിരിക്കും കേസ് അന്വേഷിക്കുക. വിജിലൻസ് മേധാവിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കും അന്വേഷണം നടക്കുകയെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ഇതിനിടെ ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് യുഡിഎഫിനെതിരെ രൂക്ഷവിമർശനവുമായി സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ രംഗത്തെത്തി. അഴിമതിയിൽ യുഡിഎഫ് ഭരണസമിതിക്ക് വ്യക്തമായ പങ്കുണ്ടെന്നും നിലവിൽ പുറത്തുവന്ന ക്രമക്കേടുകൾ യുഡിഎഫ് ഭരണകാലത്ത് നടന്നതാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലെ കൊടിമരം മാറ്റുന്നതിൻ്റെ പേരിൽ കോടിക്കണക്കിന് രൂപയുടെ പിരിവ് നടന്നതായി ചൂണ്ടിക്കാട്ടിയ അദ്ദേഹം സംഭവത്തിൽ ഹൈക്കോടതി തന്നെ ഇപ്പോൾ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണെന്നും പറഞ്ഞു.