മുഴക്കുന്ന് പഞ്ചായത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചരണ സാമഗ്രികള്‍ വ്യാപകമായി നശിപ്പിച്ചു.

മുഴക്കുന്ന് പഞ്ചായത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചരണ സാമഗ്രികള്‍ വ്യാപകമായി നശിപ്പിച്ചു.
ഇന്നലെ രാത്രി തളിപ്പൊയിൽ, മുഴക്കുന്ന്, കടുക്കാപാലം, നല്ലൂര്‍, ഓട്ടോമരം തുടങ്ങിയ പ്രദേശങ്ങളിലായി സ്ഥാപിച്ചിരുന്ന പേരാവൂര്‍ നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥി അഡ്വ. സണ്ണി ജോസെഫിന്റെ ഫ്ലെക്സുകള്‍, ബോര്‍ഡുകള്‍, ബാനറുകള്‍ എന്നിവയാണ് നശിപ്പിക്കപ്പെട്ടത്.
സംഭവത്തില്‍ യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ശക്തമായി പ്രതിഷേധം രേഖപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി കണ്‍വീനര്‍ കെ.എം. ഗിരീഷ് മുഴക്കുന്ന് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
പരാതിയില്‍, വ്യാപകമായി ബോര്‍ഡുകള്‍ നശിപ്പിച്ചത് സിപിഎം പ്രവര്‍ത്തകരാണെന്ന് ആരോപിക്കുന്നു. തിരഞ്ഞെടുപ്പിനു മുന്‍പും തിരഞ്ഞെടുപ്പ് ദിവസവും പോളിംഗ് സ്റ്റേഷനുകളിലും പരിസരങ്ങളിലും അക്രമം സൃഷ്ടിച്ച് ഭീകരാന്തരീക്ഷം ഉണ്ടാക്കി കള്ളവോട്ട് നടത്തുന്നത് സിപിഎമ്മിന്റെ പതിവാണെന്നും പരാതിയില്‍ പറയുന്നു.
സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് യുഡിഎഫ് നേതൃത്വം ആവശ്യപ്പെട്ടു.

