അഭിറാമിനെ ഇൻസ്റ്റാഗ്രാം ചാറ്റുകൾ ഡിലീറ്റ് ചെയ്തതാര്?; പ്രതികൾ ലക്ഷ്യമിട്ടത് ഇരട്ടക്കൊലപാതകം.

ശ്രീകാര്യം പാങ്ങപ്പാറയിൽ 17 കാരൻ അഭിരാമിന്റെ കൊലപാതകത്തിൽ പ്രതികൾ ലക്ഷ്യമിട്ടത് ഇരട്ടക്കൊലപാതകമെന്ന് പൊലീസ്. കൊലയ്ക്ക് പിന്നിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് അന്വേഷണം നടത്തും. അഭിറാമിന്റെ ഇൻസ്റ്റഗ്രാം ചാറ്റുകൾ ഡിലീറ്റായതെങ്ങനെയെന്ന് പരിശോധിക്കും. കാണാതായ മൊബൈൽ ഫോൺ കണ്ടെത്താൻ തിരച്ചിൽ പുരോഗമിക്കുകയാണ്. അഭിരാമിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് മറ്റൊരു പെൺ സുഹൃത്തുമായി ഷെയർ ചെയ്യപ്പെട്ടിരുന്നതായാണ് സൈബർസെൽ കണ്ടെത്തൽ.
കേസിൽ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ക്രമസമാധാന ചുമതലയുള്ള ADGPക്ക് സിറ്റി പൊലീസ് കമ്മീഷണർ റിപ്പോർട്ട് സമർപ്പിച്ചു. ബന്ധുക്കൾ 17 കാരനെ കാണ്മാനില്ല എന്ന് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുന്നത് രാത്രി 10 മണിക്കാണ്. അതിന് മുൻപേ കൊലപാതകം നടന്നു കഴിഞ്ഞു. പരാതി ലഭിച്ചയുടൻ അന്വേഷണം നടത്തി പൊലീസ് പ്രതികളിലേക്ക് എത്തിയിരുന്നു. അന്ന് രാത്രി തന്നെ ഒന്നാം പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. എന്നാൽ ഒന്നാം പ്രതി പ്രായപൂർത്തിയാകാത്തതിനാൽ സ്റ്റേഷനിൽ നിർത്താൻ കഴിയാത്തതിനാൽ മാതാപിതാക്കളോടൊപ്പം വിട്ടുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
അതേസമയം, അഭിറാം ഞായറാഴ്ച വൈകീട്ടോടെ വീട്ടിൽ നിന്ന് ഇറങ്ങിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. അഭിറാമിന്റെ സംസ്കാരം ഇന്ന് നടക്കും.
പ്രതിയായ 17 കാരൻറെ മുൻ കാമുകിയുടെ ഇപ്പോഴത്തെ ആൺ സുഹൃത്തായിരുന്നു ക്രിമിനൽ സംഘത്തിൻറെ ലക്ഷ്യം. അയാളെ നേരിട്ട് വിളിച്ച് കൊലപാതകം നടന്ന സ്ഥലത്ത് എത്തിക്കാൻ കഴിയാത്തതിനാൽ ഇയാളുടെ സുഹൃത്ത് നിരപരാധിയായ അഭിരാമിനെ വിളിച്ചുവരുത്തി കരുവാക്കി. അഭിറാമിനെ സ്ഥലത്ത് എത്തിക്കാൻ പ്രതികളിൽ ഒരാളായ അനന്തയുടെ ഇൻസ്റ്റഗ്രാമിൽ നിന്ന് ദിവസങ്ങൾക്ക് മുമ്പേ മെസ്സേജുകൾ അയച്ചു തുടങ്ങിയിരുന്നു. ഒടുവിൽ ഞായറാഴ്ച വൈകിട്ട് നാലുമണിയോടെ പാങ്ങപ്പാറയിലെ ആളൊഴിഞ്ഞ പുരയിടത്തിലെത്തിച്ചു. ഇവിടെ ക്രിമിനൽ കേസ് പ്രതിയായ ഉമറും 17 കാരനായ പ്രതിയും കാത്തു നിന്നു. അപകടം തിരിച്ചറിഞ്ഞ അഭിറാം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മർദ്ദിച്ച് അവശനാക്കി കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

