തനിക്കെതിരെ വ്യാപക പ്രചാരണം നടന്നു; ഐഒഎ തിരഞ്ഞെടുപ്പ് വിവാദങ്ങള്‍ക്കിടെ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ ഇടപെടല്‍ തേടി പി ടി ഉഷ.

ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് തിരഞ്ഞെടുപ്പ് വിവാദങ്ങള്‍ക്കിടെ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ ഇടപെടല്‍ തേടി പി ടി ഉഷ കത്തയച്ചു. സ്പോര്‍ട്സ്പേഴ്സണ്‍ ഓഫ് മെറിറ്റ് തിരഞ്ഞെടുപ്പിലെ ക്രമക്കേടുകള്‍ സ്വതന്ത്രമായി അന്വേഷിക്കണം എന്നാണ് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് അധ്യക്ഷ ആവശ്യപ്പെട്ടിരിക്കുന്നത്.തിരഞ്ഞെടുപ്പില്‍ വ്യാപക പെരുമാറ്റ ചട്ട ലംഘനമുണ്ടായെന്ന് പി ടി ഉഷ കത്തില്‍ പറയുന്നു. തനിക്കെതിരെ വ്യാപക പ്രചാരണം നടന്നുവെന്നും കത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇലക്ടറല്‍ കോളജ് അംഗങ്ങളെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. തിരഞ്ഞെടുപ്പിലെ ബാഹ്യ ഇടപെടല്‍ സംശയിച്ചാണ് സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടത്. കഴിഞ്ഞദിവസം നടന്ന തിരഞ്ഞെടുപ്പില്‍ പി ടി ഉഷ പരാജയപ്പെട്ടിരുന്നു.
തിരഞ്ഞെടുപ്പില്‍ പി ടി ഉഷ തിരിച്ചടി നേരിട്ടിരുന്നു. അഞ്ജു ബോബി ജോര്‍ജ്, ധോല ബാനര്‍ജി, സെയ്ന നെഹ്വാള്, റാണി എന്നിവര്‍ ജയിച്ചു. വനിതകള്‍ക്കായുള്ള നാല് സ്പോര്‍ട്സ്പേഴ്സണ്‍സ് ഓഫ് ഔട്ട്സ്റ്റാന്‍ഡിങ് മെറിറ്റ് (SOM) സ്ഥാനങ്ങളിലേക്കാണ് മത്സരം നടന്നത്.
ഡിസംബര്‍ 5ന് നടക്കുന്ന ഐഒഎ പ്രസിഡന്റ് പദവി ഉള്‍പ്പെടെയുള്ള പ്രധാന ഭരണസമിതി തിരഞ്ഞെടുപ്പില്‍ ഒരു ഊഴം കൂടി ആഗ്രഹിക്കുന്ന നിലവിലെ അധ്യക്ഷ പിടി ഉഷയ്ക്ക് എസ്ഒഎം വിഭാഗത്തില്‍ ജയിച്ചാല്‍ മാത്രമേ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനാകൂ. എന്നാല്‍, തിരഞ്ഞെടുപ്പില്‍ തോറ്റതോടെ പിടി ഉഷയ്ക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. 2036 ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെ പുതിയ നേതൃത്വത്തിന്റെ വരവും ഇന്ത്യന്‍ കായികരംഗത്ത് ഏറെ നിര്‍ണായകമാകും.

