2030-ഓടെ റോഡപകടങ്ങൾ പകുതിയായി കുറയ്ക്കും, പുതിയ പദ്ധതിയുമായി ഗതാഗത വകുപ്പ്; മമ്മൂട്ടി ബ്രാൻഡ് അംബാസിഡറാകും.

റോഡ് അപകടങ്ങൾ കുറയ്ക്കാൻ പുതിയ പുതിയ പദ്ധതിയുമായി ഗതാഗത വകുപ്പ്. 2030-ഓടെ റോഡപകട മരണങ്ങളും പരുക്കുകളും പകുതിയായി കുറയ്ക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ജീവ-സുയാത്ര മിഷൻ എന്ന പേരിലുള്ള പദ്ധതിയുടെ ഉദ്ഘാടനം ഞായറാഴ്ച മുഖ്യമന്ത്രി നിർവഹിക്കും.
പദ്ധതിയുടെ ബ്രാൻഡ് അംബാസിഡറായി നടൻ മമ്മൂട്ടിയെത്തും. പദ്ധതി നടപ്പിലാക്കുക 5 അടിസ്ഥാന ലക്ഷ്യങ്ങൾ മുൻനിർത്തി. റോഡ് അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ പദ്ധതിക്ക് രൂപം നൽകിയത്. മിഷന്റെ പ്രവർത്തനങ്ങൾ പ്രധാനമായും അഞ്ച് അടിസ്ഥാന ലക്ഷ്യങ്ങളെ കേന്ദ്രീകരിച്ചാണ് മുന്നോട്ട് പോകുന്നത്.
സുരക്ഷിത നിരത്തുകൾ; റോഡുകളുടെ നിർമ്മാണത്തിലും അറ്റകുറ്റപ്പണികളിലും സുരക്ഷ ഉറപ്പാക്കുകയും അപകടമേഖലകൾ (ബ്ലാക്ക് സ്പോട്ടുകൾ) പരിഹരിക്കുന്നതിന് അത്യാധുനിക എൻജിനീയറിങ് പരിഹാരങ്ങൾ നടപ്പിലാക്കുകയും ചെയ്യുന്നു.
സുരക്ഷിത പെരുമാറ്റം; ഡ്രൈവർമാരിലും കാൽനടയാത്രക്കാരിലും ഗതാഗത നിയമങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനായി സ്കൂളുകളിലും കോളേജുകളിലും റോഡ് സുരക്ഷാ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും.
സുരക്ഷിത വേഗത; അമിതവേഗത നിയന്ത്രിക്കുന്നതിനായി നൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടെയുള്ള കർശനമായ ഗതാഗത നിയമപാലനം നടപ്പിലാക്കുന്നു.സുരക്ഷിത വാഹനങ്ങൾ; വാഹനങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങളും കൃത്യമായ പരിശോധനകളും ഉറപ്പുവരുത്തുന്നു.
അപകടാനന്തര അടിയന്തര പ്രതികരണം; അപകടമുണ്ടായാൽ എത്രയും വേഗം വൈദ്യസഹായം ലഭ്യമാക്കുന്നതിനുള്ള അടിയന്തര രക്ഷാപ്രവർത്തന സംവിധാനങ്ങൾ ശക്തിപ്പെടുത്തും.

