കൊടുമൺ പൊലീസ് സ്റ്റേഷനിൽ മദ്യപാന വിവാദം; നാല് ഉദ്യോഗസ്ഥർക്ക് വൈദ്യപരിശോധന.

പത്തനംതിട്ട കൊടുമൺ പൊലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുദ്യോഗസ്ഥർ മദ്യപിച്ചതായി പരാതി. സംഭവത്തിൽ നാല് പൊലീസുദ്യോഗസ്ഥരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. ഇതിൽ രണ്ടുപേരിൽ മദ്യത്തിന്റെ ഗന്ധം കണ്ടെത്തിയതായാണ് വിവരം. എന്നാൽ രക്തപരിശോധനയുടെ ഫലം പുറത്തുവന്നിട്ടില്ല.പൊലീസ് വാഹനം അസ്വാഭാവികമായ രീതിയിൽ സഞ്ചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഉദ്യോഗസ്ഥർക്കെതിരെ പരാതി ഉയർന്നത്. ഡ്യൂട്ടി സമയത്ത് പൊലീസുകാർ മദ്യപിച്ചെന്ന ആരോപണം പിന്നാലെ വിവാദമായിരിക്കുകയാണ്. സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ അർധരാത്രിയോടെ കൊടുമൺ പൊലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിച്ചു.

