November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 17, 2026

ബന്ധുവിനെ യാത്രയാക്കാൻ 13 പേർ വന്ദേഭാരതിൽ കയറി, വാതിലടഞ്ഞു; പിഴ 36,140 രൂപ.

SHARE

കാൺപുർ: ബന്ധുവിനെ യാത്രയാക്കാൻ വന്ദേ ഭാരത് എക്സ്പ്രസിൽ കയറിയ 13 പേർക്ക് വൻ തുക പിഴയിട്ട് നോർത്ത് സെൻട്രൽ റെയിൽവേ . കുടുംബം ആകെ 36,140 രൂപ പിഴ ഒടുക്കണം. ബന്ധുവിനെ യാത്രയാക്കാനും ലഗേജുകൾ ട്രെയിനിൽ വെക്കാനുമായാണ് ഇവർ വന്ദേ ഭാരത് എക്സ്പ്രസിൽ കയറിയത്. 12 മുതിർന്നവരും ഒരു കുട്ടിയുമടക്കം 13 പേരാണ് ഉണ്ടായിരുന്നത്. സാധുവായ ടിക്കറ്റില്ലാതെ യാത്ര ചെയ്തതിനാണ് ഈ കർക്കശ നടപടി.

നവംബർ 15 ഞായറാഴ്ചയാണ് സംഭവം. ബനാറസ്-ന്യൂഡൽഹി വന്ദേ ഭാരത് എക്സ്പ്രസിൽ കുടുംബാംഗങ്ങളെ യാത്രയാക്കാനും ബാഗുകൾ അകത്തുവെക്കാനും 13 പേർ ട്രെയിനിൽ കയറി. എന്നാൽ, ഇവർ ഇറങ്ങുന്നതിന് മുമ്പ് വന്ദേ ഭാരത് ട്രെയിനിന്റെ ഓട്ടോമാറ്റിക് വാതിലുകൾ തനിയെ അടഞ്ഞു. ഇതോടെ ഇവർക്ക് പുറത്തിറങ്ങാൻ കഴിയാതെ വരികയും ട്രെയിൻ പുറപ്പെടുകയും ചെയ്തു.സംഭവം അറിഞ്ഞ് കൺട്രോൾ റൂമിൽ നിന്ന് വിവരം ലഭിച്ചതിനെത്തുടർന്ന് ചീഫ് ടിക്കറ്റ് ചെക്കിംഗ് ഇൻസ്പെക്ടർ, ആർ.പി.എഫ്, ജി ആർ പി, സ്റ്റേഷൻ സൂപ്രണ്ട് എന്നിവരുടെ സാന്നിധ്യത്തിൽ പരിശോധന നടത്തി. റെയിൽവേ നിയമപ്രകാരം ഇവരെ അനധികൃത യാത്രക്കാരായി കണക്കാക്കുകയും, യാത്രാക്കൂലിയും പിഴയും ഉൾപ്പെടെ ആകെ 36,140 രൂപ ഈടാക്കുകയും ചെയ്തു.ഇത്തരം യാത്രകൾക്ക് പിഴ ഈടാക്കാതിരിക്കാൻ കഴിയില്ലെന്ന് നോർത്ത് സെൻട്രൽ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ഡോ. ശിവം ശർമ്മ ചൂണ്ടിക്കാട്ടി. സാധുവായ യാത്രാ ടിക്കറ്റുള്ളവർ മാത്രമേ ട്രെയിനിൽ കയറാവൂ എന്ന് അദ്ദേഹം പറഞ്ഞു. യാത്രക്കാരെ യാത്രയാക്കാൻ വരുന്നവർ നിർബന്ധമായും പ്ലാറ്റ്‌ഫോം ടിക്കറ്റ് എടുക്കണം. ഒരു കാരണവശാലും ട്രെയിനിനുള്ളിൽ കയറരുത്. വന്ദേ ഭാരത് പോലുള്ള ആധുനിക ട്രെയിനുകളിൽ ഓട്ടോമാറ്റിക് ഡോർ സംവിധാനമുള്ളതിനാൽ, ട്രെയിൻ പുറപ്പെടുന്നതിന് മുൻപ് ഇറങ്ങാൻ കഴിഞ്ഞില്ലെങ്കിൽ വലിയ തുക പിഴയായി ഒടുക്കേണ്ടി വരുമെന്ന് റെയിൽവേ മുന്നറിയിപ്പ് നൽകി.പിഴ ഈടാക്കുന്നത് ഇങ്ങനെ

ടിക്കറ്റില്ലാത്ത യാത്രയുടെ പിഴയാണ് ഈടാക്കുക. യാത്രാ നിരക്കിന്റെ ഇരട്ടി തുകയാണ് ഈടാക്കുക. ഇങ്ങനെ ഈടാക്കുന്ന അധികചാർജ് 500 രൂപയിൽ കുറയുകയുമില്ല. അതായത്, ടിക്കറ്റ് വില 300 രൂപയാണെങ്കിലും പിഴ ഏറ്റവും കുറഞ്ഞ നിരക്കായ 500 ആയിരിക്കും.. അങ്ങനെ എണ്ണൂറ് രൂപ അടയ്ക്കേണ്ടി വരും. ടിക്കറ്റ് വില 1500 ആണെങ്കിൽ അതിനോട് 1500 രൂപ പിഴ കൂട്ടി 3000 അടയ്ക്കേണ്ടി വരും. വന്ദേ ഭാരത് പോലുള്ള ട്രെയിനുകളിൽ ടിക്കറ്റ് വില ഉയർന്നതായതിനാൽ പിഴയും ഉയർന്നതായിരിക്കും.