November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 18, 2026

ശബരിമല തീര്‍ത്ഥാടനം കെഎസ്ആര്‍ടിസി അധിക നിരക്ക് കുറയ്ക്കണം; അല്ലെങ്കില്‍ സൗജന്യ ബസ് സര്‍വീസ് നടത്താന്‍ തയ്യാറായ സംഘടനകളെ ഏല്‍പ്പിക്കണം: ബിജെപി.

SHARE

ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തോടനുബന്ധിച്ച് നിലയ്ക്കല്‍-പമ്പ റൂട്ടില്‍ കെഎസ്ആര്‍ടിസി ഈടാക്കുന്ന അധിക നിരക്ക് കുറയ്ക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി ആവശ്യപ്പെട്ടു. അധിക നിരക്ക് ഒഴിവാക്കി സാധാരണ യാത്രാനിരക്ക് ഈടാക്കാന്‍ തയ്യാറാകണം. അതിന് കഴിയാത്തപക്ഷം തീര്‍ത്ഥാടകര്‍ക്ക് സൗജന്യ ബസ് സര്‍വീസ് നടത്താന്‍ സന്നദ്ധരായ ഭക്തജന സംഘടനകളെ അതിനായി ചുമതലപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ ഉന്നയിച്ച് ഗതാഗത വകുപ്പ് മന്ത്രി സി പി ജോണിന് അനൂപ് ആന്റണി നിവേദനം നല്‍കി.നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്കുള്ള 22 കിലോമീറ്റര്‍ യാത്രയ്ക്ക് ഒരാള്‍ക്ക് 50 രൂപയാണ് കെഎസ്ആര്‍ടിസി ഈടാക്കുന്നത്. ഇരുവശത്തേക്കുമുള്ള യാത്രാനിരക്ക് മുന്‍കൂറായി നല്‍കുകയും വേണം. ഇതേ ദൂരപരിധിയിലുള്ള സാധാരണ യാത്രയ്ക്ക് കെഎസ്ആര്‍ടിസി നിരക്ക് പരമാവധി 35 രൂപയോളമാണെന്നിരിക്കെയാണ് തീര്‍ത്ഥാടകരില്‍ നിന്ന് അധിക തുക ഈടാക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിശ്വാസത്തോടെ ശബരിമലയിലെത്തുന്ന സാധാരണക്കാരായ ഭക്തര്‍ക്ക് അധിക സാമ്പത്തികഭാരം സൃഷ്ടിക്കുന്ന ഈ നടപടി അവസാനിപ്പിക്കണമെന്നാണ് ആവശ്യം.

ശബരിമല തീര്‍ത്ഥാടനം വിനോദയാത്രയല്ലെന്നും തിരുപ്പതി പോലുള്ള പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഭക്തര്‍ക്ക് സൗജന്യ യാത്രാസൗകര്യങ്ങള്‍ ലഭ്യമാകുമ്പോള്‍ ശബരിമലയില്‍ സാധാരണ നിരക്കിനേക്കാള്‍ അധികം ഈടാക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തീര്‍ത്ഥാടകര്‍ക്ക് മികച്ച യാത്രാസൗകര്യങ്ങള്‍ ഒരുക്കേണ്ടതിന് പകരം അധിക സാമ്പത്തികഭാരം അടിച്ചേല്‍പ്പിക്കുന്ന സമീപനം കെഎസ്ആര്‍ടിസി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

നിലയ്ക്കല്‍-പമ്പ റൂട്ടില്‍ ആവശ്യത്തിന് ബസുകള്‍ ഇല്ലാത്തതിനാല്‍ തീര്‍ത്ഥാടകര്‍ മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ടിവരുന്നതും ബസുകളില്‍ അമിതമായി ആളുകളെ കയറ്റി യാത്ര ചെയ്യേണ്ടിവരുന്നതും ആശങ്കാജനകമാണെന്നും വ്യക്തമാക്കുന്നു. തീര്‍ത്ഥാടകരെ കന്നുകാലികളെപ്പോലെ കുത്തിനിറച്ച് യാത്ര ചെയ്യേണ്ടിവരുന്ന ദൃശ്യങ്ങള്‍ പുറത്തുവരുന്നത് നിലവിലെ സംവിധാനങ്ങളുടെ അപര്യാപ്തത വ്യക്തമാക്കുന്നതാണ്. ആവശ്യത്തിന് കൂടുതല്‍ ബസുകള്‍ അനുവദിക്കുകയും സര്‍വീസുകളുടെ ഇടവേള കുറച്ച് തിരക്കിനനുസരിച്ച് സര്‍വീസുകള്‍ ക്രമീകരിക്കുകയും വേണം. നിലയ്ക്കലില്‍ ബസുകളില്‍ കയറുന്നതിനും കാത്തുനില്‍ക്കുന്നതിനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.നിലയ്ക്കല്‍-പമ്പ റൂട്ടില്‍ സൗജന്യ ബസ് സര്‍വീസ് നടത്താന്‍ സന്നദ്ധരായി ഭക്തജന സംഘടനകള്‍ മുന്നോട്ടുവന്നിട്ടും സര്‍ക്കാര്‍ അതിന് അനുമതി നല്‍കാത്തത് പ്രതിഷേധാര്‍ഹമാണ്. തീര്‍ത്ഥാടകരുടെ സൗകര്യത്തിനായി ഇത്തരം സംഘടനകളുടെ സേവനം പ്രയോജനപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. കെ.എസ്.ആര്‍.ടി.സി. അധിക നിരക്ക് കുറയ്ക്കാന്‍ തയ്യാറാകാത്തപക്ഷം സൗജന്യ സര്‍വീസുകള്‍ നടത്താന്‍ സന്നദ്ധരായ സംഘടനകളെ അതിനായി ചുമതലപ്പെടുത്തണം. തീര്‍ത്ഥാടകരുടെ യാത്രാക്ലേശം പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യമെങ്കില്‍ അതിന് ബിജെപിയുടെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും അനൂപ് ആന്റണി അറിയിച്ചു.