രാധാകൃഷ്ണൻ കൊലക്കേസ് പ്രതി റബ്ബർ തോട്ടത്തിൽ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് സംശയം .

കൈതപ്രം മാതമംഗലം രാധാകൃഷ്ണൻ കൊലക്കേസിലെ പ്രതി സന്തോഷിനെ വീടിനടുത്തുള്ള റബ്ബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൈതപ്പുറത്തെ റബ്ബർ തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സന്തോഷ് ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം.
2025 മാർച്ച് 10നാണ് കൈതപ്രത്ത് നിർമാണത്തിലിരുന്ന രാധാകൃഷ്ണന്റെ വീട്ടിൽ വെച്ച് കൊലപാതകം നടന്നത്. രാധാകൃഷ്ണനെ സന്തോഷ് വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെട്ട രാധാകൃഷ്ണന്റെ ഭാര്യ മിനി നമ്പ്യാരുമായി സന്തോഷിന് അടുപ്പമുണ്ടായിരുന്നു. ഇരുവരും സഹപാഠികളായിരുന്നെന്നും പൂർവവിദ്യാർഥി സംഗമത്തിലാണ് വീണ്ടും കണ്ടുമുട്ടിയതെന്നും പൊലീസ് കണ്ടെത്തിയിരുന്നു.
പിന്നീട് രാധാകൃഷ്ണന്റെ വീട് നിർമാണത്തിന് സന്തോഷ് സഹായിയായി എത്തിയിരുന്നു. ഭാര്യയുടെ കാര്യങ്ങളിൽ സന്തോഷ് കൂടുതൽ ഇടപെടുന്നതിനെ രാധാകൃഷ്ണൻ എതിർത്തതാണ് വിരോധത്തിന് കാരണമായതെന്നാണ് പൊലീസ് കണ്ടെത്തൽ. രാധാകൃഷ്ണനെ ഒഴിവാക്കാനാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും പൊലീസ് കണ്ടെത്തിയിരുന്നു.
കേസിൽ സന്തോഷിനെയും മിനിയെയും അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇരുവർക്കും ജാമ്യം ലഭിച്ചു. കൊലപാതകത്തിനു ശേഷം സന്തോഷും മിനിയും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നാണ് വിവരം. മിനിയുടെ വീട്ടിലെത്തി സന്തോഷ് പ്രശ്നമുണ്ടാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സന്തോഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

