November 24, 2026

പയ്യവൂർ പഞ്ചായത്ത് ഓഫീസിൽ ലിഫ്റ്റും റാംപും വേണം; മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി ബിനോജ് കെ.പി.

SHARE

പയ്യവൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും സുഗമമായി എത്തിച്ചേരുന്നതിനായി ലിഫ്റ്റ്, റാംപ് സൗകര്യങ്ങൾ അടിയന്തരമായി ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി.
പൊന്നംപറമ്പിലെ ബിനോജ് കെ.പി.യാണ് കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാന് പരാതി നൽകിയത്.പയ്യവൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഒന്നും രണ്ടും നിലകളിലേക്ക് എത്താൻ നിലവിൽ ലിഫ്റ്റോ ഭിന്നശേഷി സൗഹൃദ റാംപ് സൗകര്യമോ ഇല്ല. വിവിധ ആവശ്യങ്ങൾക്കായി ദിവസേന നിരവധി ആളുകൾ എത്തുന്ന ഓഫീസിൽ പ്രായമായവരും രോഗികളും ശാരീരിക അവശതയുള്ളവരും കുത്തനെയുള്ള പടികൾ കയറാൻ ഏറെ പ്രയാസപ്പെടുകയാണെന്ന് പരാതിയിൽ പറയുന്നു.
ഏകദേശം രണ്ട് വർഷം മുമ്പ് ലൈസൻസ് ആവശ്യത്തിനായി പഞ്ചായത്ത് ഓഫീസിലെത്തിയ ഒരു കച്ചവടക്കാരൻ മുകളിലത്തെ നിലയിലേക്ക് പടികൾ കയറുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ച സംഭവവും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.ഇതുസംബന്ധിച്ച് 2025-ൽ പഞ്ചായത്ത് ഓഫീസിലും പഞ്ചായത്ത് പ്രസിഡന്റിനും നേരിട്ട് പരാതി നൽകിയിരുന്നെങ്കിലും പരാതി സ്വീകരിച്ചതിന്റെ രസീത് പോലും നൽകിയില്ലെന്നും തുടർനടപടികൾ ഉണ്ടായില്ലെന്നും ബിനോജ് പരാതിയിൽ ആരോപിച്ചു.
ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന നിയമപ്രകാരവും (RPWD Act), സർക്കാർ ഉത്തരവുകൾ പ്രകാരവും എല്ലാ പൊതുസ്ഥാപനങ്ങളിലും റാംപ്, ലിഫ്റ്റ് തുടങ്ങിയ സൗകര്യങ്ങൾ നിർബന്ധമാണ്. പൊതുജനങ്ങളുടെ മൗലികാവകാശങ്ങളും ജീവനും വെച്ച് പന്താടുന്ന ഈ അനാസ്ഥ അവസാനിപ്പിക്കേണ്ടതുണ്ട്.
​ആയതിനാൽ, പയ്യവൂർ ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ ഒന്നും രണ്ടും നിലകളിലേക്ക് പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും സുഗമമായി എത്തിച്ചേരുന്നതിനായി അടിയന്തരമായി റാംപ് സൗകര്യവും ലിഫ്റ്റ് സംവിധാനവും ഏർപ്പെടുത്തുന്നതിന് ആവശ്യമായ നിർദ്ദേശങ്ങളും ഫണ്ടും അനുവദിച്ച് അടിയന്തര നടപടി സ്വീകരിക്കണമെന്നുമാണ്  മനുഷ്യാവകാശ കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്.