ഉമർ ഖാലിദിന്റെ പുതിയ ജാമ്യാപേക്ഷ ഇന്ന് സുപ്രീം കോടതിയിൽ

ദില്ലി കലാപവുമായി ബന്ധപ്പെട്ട യു എ പി എ കേസിൽ ജയിലിൽ കഴിയുന്ന ഉമർ ഖാലിദിന്റെ പുതിയ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഉമർ ഖാലിദിനൊപ്പം കേസിലെ മറ്റൊരു പ്രതിയായ ഷർജീൽ ഇമാമിന്റെ ജാമ്യാപേക്ഷയും കോടതി ഒരുമിച്ച് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. കേസിലെ സംരക്ഷിത സാക്ഷികളുടെ വിസ്താരം ഇഴഞ്ഞുനീങ്ങുകയാണെന്നും വിചാരണ പൂർത്തിയാകാൻ കാലതാമസമെടുക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് ഇരുവരും ദില്ലി ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. നേരത്തെ 2026 ജനുവരി 5ന് ഗൂഢാലോചനാക്കുറ്റങ്ങൾ ഉൾപ്പെടെയുള്ള ആരോപണങ്ങൾ പരിഗണിച്ച് സുപ്രീം കോടതി ഉമർ ഖാലിദിന്റെയും ഷർജീൽ ഇമാമിന്റെയും ജാമ്യാപേക്ഷ തള്ളിയിരുന്നു. കൂടാതെ, ഒരു വർഷത്തേക്ക് പുതിയ ജാമ്യാപേക്ഷ സമർപ്പിക്കുന്നതിൽ നിന്ന് ഇരുവരെയും വിലക്കുകയും ചെയ്തിരുന്നു. എന്നാൽ, പിന്നീട് മെയ് മാസത്തിൽ കേസിലെ മറ്റ് രണ്ട് കൂട്ടുപ്രതികൾക്ക് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. യു എ പി എ കേസുകളിൽ ദീർഘകാലം വിചാരണത്തടവുകാരായി കഴിയേണ്ടിവരുന്ന സാഹചര്യം സംബന്ധിച്ച നിയമപ്രശ്നം വിശാല ബെഞ്ചിന്റെ പരിഗണനയ്ക്കും വിട്ടിരുന്നു.

