ധനരാജ് വധക്കേസ്: മൂന്ന് ആർഎസ്എസ്-ബിജെപി പ്രവർത്തകരുടെ ശിക്ഷാവിധി ഇന്ന്

SHARE

കണ്ണൂർ: സിപിഐഎം പ്രവർത്തകൻ ധനരാജിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് ആർഎസ്എസ്-ബിജെപി പ്രവർത്തകർക്കുള്ള ശിക്ഷാവിധി ഇന്ന്. തളിപ്പറമ്പ് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ പ്രഖ്യാപിക്കുക. കേസിലെ ആദ്യ മൂന്ന് പ്രതികളായ ടി പി ബിജു, എം വിപിൻ, എം വൈശാഖ് എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. കേസിനെ അപൂർവങ്ങളിൽ അപൂർവമായ ഒന്നായി പരിഗണിച്ച് പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടത്. രാഷ്ട്രീയ കേസാണെന്നും പ്രതികൾക്ക് പ്രായപൂർത്തിയാകാത്ത കുട്ടികളുണ്ടെന്നും ചൂണ്ടിക്കാട്ടി ശിക്ഷയിൽ ഇളവ് നൽകണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാൽ കൊല്ലപ്പെട്ട ധനരാജിനും രണ്ട് കുട്ടികളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. അതേസമയം, ധനരാജിന്റെ കുടുംബാംഗങ്ങളെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു. കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് പ്രതികൾക്ക് പുറമെ കോടതി വെറുതെവിട്ട മറ്റ് പ്രതികൾക്കെതിരെയും നിയമപരമായ പോരാട്ടം തുടരുമെന്ന് അദ്ദേഹം പറഞ്ഞു. മുഴുവൻ പ്രതികൾക്കും ശിക്ഷ ഉറപ്പാക്കാൻ നിയമത്തിന്റെ ഏതറ്റം വരെയും പോകുമെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. 2016 ജൂലൈ 11നാണ് നാടിനെ നടുക്കിയ ധനരാജ് കൊലപാതകം നടന്നത്. ഡിവൈഎഫ്ഐ നേതാവും സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന ധനരാജിനെ ആർഎസ്എസ് സംഘം വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ധനരാജിനെ പിന്തുടർന്നെത്തിയ സംഘം വീടിന് മുന്നിൽവെച്ചാണ് ആക്രമിച്ചത്. കുടുംബാംഗങ്ങളുടെ മുന്നിലായിരുന്നു കൊലപാതകം.